എറണാകുളം: ഇതര മതസ്ഥനായ ഭർത്താവ് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നതായി ക്രിസ്ത്യൻ യുവതി. സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിനിയാണ് ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നതായി പരാതി ഉന്നയിച്ചത്.
യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മാസങ്ങൾക്ക് മുൻപ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി യുവതിയുടെ മൊഴിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഇതേ തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു യുവതിയും ഹർജിക്കാരനും തമ്മിലുള്ള വിവാഹം. ഇതിന് ശേഷം ഭർത്താവ് പുറത്ത് ആരോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിന് പിന്നാലെ മതം മാറാൻ ആവശ്യപ്പെട്ട് നിർബന്ധവും ആരംഭിച്ചു. മുറിയ്‌ക്കുള്ളിൽ പൂട്ടിയിട്ടുവെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. അതേസമയം പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹേബിയസ് കോർപ്പസ് കോടതി തള്ളിയിരുന്നു.

