Sunday, April 28, 2024
spot_img

വയനാട്ടില്‍ സിപിഎം നേതാവിന്‍റെ മകന്‍റെ അധ്യാപക നിയമനം; നിയമനത്തിന് പുറകിൽ നടത്തിയത് വന്‍ അഴിമതി; ക്രമക്കേടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

വയനാട്‍: വയനാട്ടില്‍ സിപിഎം നേതാവിന്‍റെ മകന്‍ രഞ്ജിത്തിന് എയ്ജഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രഞ്ജിത്ത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളില്‍ തസ്തിക ഉറപ്പാക്കാന്‍ മറ്റ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ ടിസി ഉപയോഗിച്ചതിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പി. ഗഗാറിന്‍റെ മകൻ പിജി രഞ്ജിതിനാണ് ഇത്തരത്തിൽ അട്ടിമറി നടത്തി നിയമനം നൽകിയത്. തരുവണ സര്‍ക്കാർ സ്കൂളിലെ 4 കുട്ടികളെയാണ് രഞ്ജിത് പ‌ഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളിലേക്ക് മാറ്റിയത്. കൂടാതെ വഞ്ഞോടുളള എയ്ഡഡ് സ്കൂളിലെ കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റി. രാഷ്ട്രീയ സ്വാധീനത്താല്‍ വലിയ ക്രമക്കേട് നടന്നതായാണ് രക്ഷിതാക്കൾ പറയുന്നത്.

എയ്ഡഡ് സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കാനും ആ തസ്തികൾ നിലനിര്‍ത്താനുമായി മാനേജ്മെന്‍റുകള്‍ പരസ്പര ധാരണയോടെ നടപ്പിലാക്കുന്ന ഒരു തട്ടിപ്പാണ് വ്യാജ ടിസി. കുട്ടികള്‍ ഒരു സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റൊരു സ്കൂളില്‍ കുട്ടികളുടെ പേരിലുളള വ്യാജ ടിസിയും പഠിക്കും.

ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനായ തരുവണ സ്വദേശി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് മകനെ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ചേര്‍ക്കാനായി തരുവണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ടിസി വാങ്ങിയത്. ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ മകനെ ചേര്‍ത്തതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ രഞ്ജിത് ജോലി ചെയ്യുന്ന വെളളമുണ്ട എയുപി സ്കൂളില്‍ നിന്ന് ബഷീറിന് വിളിയെത്തി. അഡ്മിഷന്‍ എടുത്തിട്ടും കുട്ടിയെ എന്തുകൊണ്ട് സ്കൂളില്‍ വിടുന്നില്ലെന്നായിരുന്നു അധ്യാപകരുടെ ചോദ്യം. അപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാവിന്‍റെ മകന്‍ രഞ്ജിത്തിന് എയ്ജഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.

Related Articles

Latest Articles