Friday, May 10, 2024
spot_img

സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി തൊഴില്‍ വകുപ്പ്; ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികള്‍

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലയിലെ തൊഴില്‍ വകുപ്പ് മുന്നേറുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്ന എസ്.സുരാജ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴില്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും:

കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍ പെട്ട് മരം കയറാന്‍ കഴിയാത്ത വിധം വൈകല്യം സംഭവിച്ച തൊഴിലാളിക്ക് 50,000 രൂപയും, തൊഴിലാളി ഇപ്രകാരം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4,50,000 രൂപയുടെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എട്ടു പേര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചു.

കേരള മരംകയറ്റ തൊഴിലാളി അവശത ക്ഷേമപദ്ധതി ധനസഹായം കൈപ്പറ്റിയിട്ടുള്ള അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളി/ തൊഴിലാളിയുടെ ആശ്രിതരായ ഭാര്യ/മാതാവ് എന്നിവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 12,03,400 രൂപയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് നല്‍കി. നിലവില്‍ 35 പേര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ പദ്ധതി
അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം (2000 രൂപ) നല്‍കുന്നതാണ് ഈ പദ്ധതി.

ആവാസ്
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേരളസര്‍ക്കാര്‍ ‘ആവാസ്’ എന്ന പേരില്‍ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2017 മുതല്‍ നടപ്പിലാക്കി വരുന്നു. 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അംഗത്വം നല്‍കുന്നു. ഇതിന് 25,000 രൂപയുടെ ചികിത്സാസഹായവും അപകട മരണം സംഭവിച്ചാല്‍ 2,00,000 രൂപ ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് സഹായവും ലഭ്യമാക്കുന്നു.

Related Articles

Latest Articles