വയനാട്: സിപിഎം നേതാവിന്‍റെ മകന്‍റെ അദ്ധ്യാപക നിയമന വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്കൂളുകളിലെത്തി രേഖകൾ നേരിട്ട് പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്സ് ഓഫീസർ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ രാഷ്ട്രീയ ഇടപെടൽ കൂടതലാണെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. സ്വന്തക്കാർക്ക് വേണ്ടി നിയമനം നല്കാൻ സർക്കാർ ജീവനക്കാരുടെ മേൽ സമ്മർദ്ദമേറുകയാണ്.
വയനാട്ടില്‍ സിപിഎം നേതാവിന്‍റെ മകന്‍ രഞ്ജിത്തിന് എയ്ജഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. രഞ്ജിത്ത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളില്‍ തസ്തിക ഉറപ്പാക്കാന്‍ മറ്റ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ ടിസി ഉപയോഗിച്ചതിന്‍റെ വിവരങ്ങളാണ് കണ്ടെത്തിയത്.
പി. ഗഗാറിന്‍റെ മകൻ പിജി രഞ്ജിത്തിനാണ് ഇത്തരത്തിൽ അട്ടിമറി നടത്തി നിയമനം നൽകിയത്. തരുവണ സര്‍ക്കാർ സ്കൂളിലെ 4 കുട്ടികളെയാണ് രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളിലേക്ക് മാറ്റിയത്. കൂടാതെ വഞ്ഞോടുളള എയ്ഡഡ് സ്കൂളിലെ കുട്ടികളെയും വെള്ളമുണ്ടയിലേക്ക് മാറ്റി.
എയ്ഡഡ് സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കാനും ആ തസ്തികൾ നിലനിര്‍ത്താനുമായി മാനേജ്മെന്‍റുകള്‍ പരസ്പര ധാരണയോടെ നടപ്പിലാക്കുന്ന ഒരു തട്ടിപ്പാണ് വ്യാജ ടിസി. കുട്ടികള്‍ ഒരു സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റൊരു സ്കൂളില്‍ കുട്ടികളുടെ പേരിലുളള വ്യാജ ടിസിയും പഠിക്കും.
ബെംഗളൂരുവില്‍ സ്ഥിര താമസക്കാരനായ തരുവണ സ്വദേശി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് മകനെ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ചേര്‍ക്കാനായി തരുവണ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ടിസി വാങ്ങിയത്. ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ മകനെ ചേര്‍ത്തതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ രഞ്ജിത് ജോലി ചെയ്യുന്ന വെളളമുണ്ട എയുപി സ്കൂളില്‍ നിന്ന് ബഷീറിന് വിളിയെത്തി. അഡ്മിഷന്‍ എടുത്തിട്ടും കുട്ടിയെ എന്തുകൊണ്ട് സ്കൂളില്‍ വിടുന്നില്ലെന്നായിരുന്നു അധ്യാപകരുടെ ചോദ്യം. അപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാവിന്‍റെ മകന്‍ രഞ്ജിത്തിന് എയ്ജഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.

