Sunday, April 28, 2024
spot_img

ലോകം ഭാരതത്തിലെത്തിയപ്പോൾ ദില്ലിയിൽ പെയ്തിറങ്ങിയത് വിമാനമഴ; ലോക നേതാക്കളുടെ പ്രത്യേക വിമാനങ്ങൾ കൊണ്ട് നിറഞ്ഞ് തലസ്ഥാനത്തെ വിമാനത്താവളങ്ങൾ; കൗതുകമായി എയർഫോഴ്സ് വൺ അടക്കം ലോകത്തിലെ വിമാന രാജാക്കന്മാർ

ദില്ലി: ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്നും നാളെയും ജി 20 ഉച്ചകോടി നടക്കുന്ന ഭാരതത്തിലേക്കായിരിക്കും. ദില്ലി പ്രഗതി മൈതാനിലെ ഭാരത് ഭവനിലാണ് സമ്മേളനങ്ങൾക്ക് തുടക്കമായത്. 20 അംഗരാജ്യങ്ങളിൽ നിന്നും 09 അതിഥി രാജ്യങ്ങളിൽ നിന്നും 14 അന്താരാഷ്‌ട്ര സംഘടനകളിൽ നിന്നുമുള്ള നേതാക്കൻമാരും പ്രതിനിധി സംഘത്തലവന്മാരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. രാഷ്ട്രത്തലവന്മാരെല്ലാം അവരവരുടെ പേരുകേട്ട പ്രത്യേക വിമാനങ്ങളിൽ ഇന്നലെ ദില്ലിയിൽ പറന്നിറങ്ങി. ഇത്രയധികം വിമാനങ്ങൾക്ക് പറന്നിറങ്ങാൻ ഇന്ത്യ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. വ്യോമസേനയുടെ പാലം വിമാനത്തവളത്തിലാണ് മിക്കവാറും എല്ലാ രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങളും അകമ്പടി വിമാനങ്ങളും വന്നിറങ്ങിയത്. രാജ്യാന്തര വിമാനത്താവളത്തിലടക്കം വിപുലമായ പാർക്കിങ് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. 21 പ്രത്യേക വിമാനങ്ങളാണ് ഇന്നലെ ദില്ലിയിൽ പറന്നിറങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരത്തുകൾ ഒഴിഞ്ഞു കിടന്നപ്പോൾ ട്രാഫിക് ബ്ലോക് രൂപപ്പെട്ടത് ദില്ലിയിലെ ആകാശത്തായിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിമാനമായ എയർഫോഴ്സ് വൺ ഇന്നലെ വൈകുന്നേരമാണെത്തിയത് ബോയിങ് വി സി 25 എ വിമാനം ഫ്ലോറിഡയിൽ നിന്നാണ് ദില്ലിയിലെത്തിയത്. മൂന്ന് എയർഫോഴ്‌സ് വൺ വിമാനങ്ങളാണ് അമേരിക്കൻ പ്രസിഡന്റിനുള്ളത്. അതിൽ ഏറ്റവും പഴക്കമേറിയ വിമാനത്തിലായിരുന്നു ബൈഡന്റെ യാത്ര.

ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നില്ലെങ്കിലും അവരുടെ ഔദ്യോഗിക വിമാനങ്ങൾ ദില്ലിയിൽ എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ദുബായിൽ നിന്നാണ് ദില്ലിയിലെത്തിയത്. ബ്രസീലിന്റെ എഫ്എബി2901, എയർബസ് എ330-243-ചൈനയുടെ ബി-2480 ബോയിങ് 747-89എൽ, ഇന്തൊനീഷ്യയുടെ പികെ-ജിഐജി, ബോയിങ് 777-3യു3(ഇആർ),കാനഡയുടെ 15001 എയർബസ് സിസി-150 പോളാരിസ്, ഓസ്‌ട്രേലിയയുടെ എ39-007 എയർബസ് കെസി-30എ, യുകെയുടെ ജി-ജിബിഎൻഐ എയർബസ് എ321-253എൻഎക്‌സ്, ഇറ്റലിയുടെ എംഎം62209 എയർബസ് എ319-115(സിജെ), അർജന്റീനയുടെ എആർജി-01 ബോയിങ് 757-256, തുർക്കിയുടെ 21-0118 എയർബസ് എ400എം അറ്റ്‌ലസ് ഇവയെല്ലാം ദില്ലിയിലുണ്ട്.

നേരത്തേ തന്നെ പാർക്കുചെയ്തു കിടന്നിരുന്ന എല്ലാ പ്രൈവറ്റ്‌ജെറ്റുകളെയും ഒഴിപ്പിച്ച് വിവിധരാജ്യങ്ങളുടെ തലവൻമാരുടെയും അവർക്ക് അകമ്പടി വന്നവരുടെയും വിമാനങ്ങൾക്കല്ലാതെ ഒരു സ്വകാര്യവിമാനത്തിനും (ഷെഡ്യൂൾഡ് പാസഞ്ചർ എയർലൈനുകളുടെ വിമാനങ്ങൾക്കൊഴിച്ച്) പാർക്കുചെയ്യാൻ അനുമതി നൽകിയിരുന്നില്ല. വിമാനത്താവളങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാതെയുള്ള ക്രമീകരണങ്ങൾ സംഘാടക മികവിന്റെ ദൃഷ്ടാന്തമായി.

Related Articles

Latest Articles