Friday, April 26, 2024
spot_img

‘ഒരിക്കലും നീതികരിക്കാനാകാത്തത്;
ഭക്തരെ പിടിച്ചു തള്ളാൻ ഗാർഡിന് അനുമതി കൊടുത്തിരുന്നോ’:
ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാൻ ഗാർഡിന് അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നും പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.

ഇന്ന് രാവിലെ ഹർജി പരിഗണിച്ച കോടതി സ്പെഷല്‍ കമ്മിഷണറോ പൊലീസോ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും കേസ് പരിഗണിച്ചപ്പോൾ നിർദേശപ്രകാരം ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു.തീർത്ഥാടകരെ തള്ളിമാറ്റിയ ഗാർഡിന്റെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിക്കു കൈമാറി. ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫിസറും റിപ്പോർട്ട് നൽകി.

ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ടിൽ അറിയിച്ചു. ആരോപണ വിധേയനായ ഗാർഡിനെയും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിർദേശിച്ചു. വിഷയം ഹൈക്കോടതി 24 ന് വീണ്ടും പരിഗണിക്കും

Related Articles

Latest Articles