Saturday, May 4, 2024
spot_img

ഭഗവദ്‌ഗീത വിവാദത്തിൽ വ്യാപക വിമർശനം; ഹോളിവുഡ് ചിത്രം ഓപ്പൻഹൈമറിൽ മാറ്റം വരുത്തിയെന്ന് റിപ്പോർട്ട്

ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമര്‍ എന്ന ചിത്രത്തിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ രണ്ടു ദിവസങ്ങൾ കൊണ്ട് മാത്രം 31 കോടി രൂപയാണ് ചിത്രം ഇന്ത്യയിലെ പ്രദർശനശാലകളിൽ നിന്ന് നേടിയത്. എന്നാൽ ചിത്രം ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഓപ്പന്‍ഹൈമറെ അവതരിപ്പിക്കുന്ന സിലിയന്‍ മര്‍ഫിയും കാമുകിയായ ജീന്‍ ടാറ്റ്‌ലോക്കിനെ അവതരിപ്പിക്കുന്ന ഫ്‌ലോറന്‍സ് പഗും തമ്മിലുള്ള രംഗത്തിലാണ് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുയർന്നത്. ലൈംഗിക ബന്ധത്തിനിടെ കഥാപാത്രങ്ങള്‍ ഭഗവദ്‌ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണ് ഇക്കാര്യത്തിൽ ചിത്രം നേരിട്ടത്.

ചിത്രം നിരോധിക്കണമെന്നും ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടണമെന്നും ആവശ്യമുയർന്നു. പ്രതിഷേധം കനത്തതോടെ ചിത്രത്തിലെ വിവാദ രംഗത്തില്‍ മാറ്റം വരുത്തിയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. നഗ്നയായ നായികാ കഥാപാത്രത്തെ എഡിറ്റിങ്ങിലൂടെ കറുത്ത വസ്ത്രം ധരിപ്പിച്ചിരിക്കുന്നു എന്നാണ് ചിത്രം കണ്ടവർ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെട്ടതിന് ശേഷം രംഗം എഡിറ്റ് ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇക്കാര്യത്തിൽ പുറത്തുവന്നിട്ടില്ല.

കൈ ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ ഷെര്‍വിന്‍ എന്നിവര്‍ രചിച്ച ‘അമേരിക്കന്‍ പ്രോമിത്യൂസ്: ദ ട്രൈംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍’ എന്ന 2005-ല്‍ പുറത്തിറങ്ങിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് നോളന്‍ തിരക്കഥ ഒരുക്കിയത്.

Related Articles

Latest Articles