Friday, October 16, 2026

13 വർഷത്തെ വേദനയ്ക്ക് അന്ത്യമാകുമോ? സങ്കീർണ്ണവും വൈകാരികവുമായ വിഷയമെന്ന് സുപ്രീംകോടതി ;ഹരീഷിന്റെ ദയാവധ ഹർജിയിൽ വിധി പറയാൻ മാറ്റി

ദില്ലി : കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32 വയസ്സുകാരന് ദയാവധം അനുവദിക്കണമെന്ന മാതാപിതാക്കളുടെ അപേക്ഷയിൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ദില്ലി മഹാവീർ എൻക്ലേവ് സ്വദേശിയായ ഹരീഷ് റാണയുടെ ജീവിതം മുൻനിർത്തി സമർപ്പിക്കപ്പെട്ട ഹർജിയിൽ ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം പൂർത്തിയാക്കിയത്. അതീവ സങ്കീർണ്ണവും വൈകാരികവുമായ വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി, ഒരാളുടെ ജീവിതത്തെയും മരണത്തെയും കുറിച്ച് തീരുമാനമെടുക്കാൻ തങ്ങൾ ആരാണെന്ന ഗൗരവകരമായ ചോദ്യവും ഉയർത്തി. എങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് ജീവൻരക്ഷാ ചികിത്സകൾ പിൻവലിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് കോടതി വ്യക്തമാക്കി.

2013 ഓഗസ്റ്റ് 20-ന് ചണ്ഡിഗഡിലെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് കോളേജ് വിദ്യാർത്ഥിയായിരുന്ന ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കേറ്റ ആഘാതത്തെത്തുടർന്ന് നൂറു ശതമാനം വൈകല്യം ബാധിച്ച ഹരീഷ്, ഒരു പതിറ്റാണ്ടിലേറെയായി ഭക്ഷണത്തിനും ശ്വസനത്തിനുമായി പൂർണ്ണമായും ട്യൂബുകളെയാണ് ആശ്രയിക്കുന്നത്. മകന്റെ ദുരിതം കണ്ടുനിൽക്കാനാകാതെയാണ് നിഷ്ക്രിയ ദയാവധത്തിന് അനുമതി തേടി മാതാപിതാക്കൾ നീതിന്യായ പീഠത്തെ സമീപിച്ചത്. വാദത്തിനിടെ ഹരീഷിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ച കോടതി, ഇത് കേവലം നിയമപരമായ ഒന്നല്ലെന്നും അങ്ങേയറ്റം ദയനീയമായ സാഹചര്യമാണെന്നും അഭിപ്രായപ്പെട്ടു.

ഹരീഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ നേരിയ സാധ്യത പോലുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്ന് കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അനാവശ്യമായി ചികിത്സ നീട്ടിക്കൊണ്ടുപോകുന്നത് അന്തസ്സോടെ ജീവിക്കാനുള്ള ഒരു വ്യക്തിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സ്വാഭാവിക മരണത്തെ വേഗത്തിലാക്കുക മാത്രമാണ് ഈ അപേക്ഷയിലൂടെ ലക്ഷ്യമിടുന്നതെന്നും അഭിഭാഷകൻ വാദിച്ചു. ഇന്ത്യയിൽ സജീവ ദയാവധം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അരുണ ഷാൻബാഗ് കേസും 2018-ലെ സുപ്രീം കോടതി ഉത്തരവും പ്രകാരം നിശ്ചിത മാനദണ്ഡങ്ങളോടെ നിഷ്ക്രിയ ദയാവധത്തിന് അനുമതിയുണ്ട്. ഈ വ്യവസ്ഥകൾ പ്രകാരം ഹരീഷിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles