Monday, May 6, 2024
spot_img

സൗദിയിൽ ഇനി മുതൽ വനിതാ ട്രാഫിക് പൊലീസും

റിയാദ്: സൗദിയിൽ ട്രാഫിക് പൊലീസിൽ വനിതകൾ വരുന്നു. ട്രാഫിക് പൊലീസിൽ വൈകാതെ വനിതകളെ നിയമിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് അറിയിച്ചത്. രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളിൽ നിയമിക്കുന്നതിന് സ്വദേശി വനിതകൾക്ക് പരിശീലനം നൽകിയിരുന്നു.

പരിശീലനം ലഭിച്ച വനിതകളിൽ ഒരു വിഭാഗത്തെ ട്രാഫിക് പോലീസിൽ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം ജൂൺ 24 മുതലാണ് സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം നിരവധി സ്വദേശി വനിതകൾ ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി.

വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്. വനിതകളിൽ നിന്ന് വർദ്ധിച്ചുവരുന്ന ഡൈവിംഗ് ലൈസൻസ് ആവശ്യം നിറവേറ്റുന്നതിനാണ് ഇത്. രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽ കൂടുതൽ വനിതാ ഡ്രൈവിംഗ് സ്കൂളുകൾ വൈകാതെ തുടങ്ങുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Related Articles

Latest Articles