Sunday, May 26, 2024
spot_img

ബ്രെക്സിറ്റ് പ്രതിസന്ധി : മൂന്നാംതവണയും കരാർ പരാജയപ്പെട്ടു

ബ്രെക്സിറ്റിന്റെ ഭാവി തുലാസിലാക്കി പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ മൂന്നാംതവണയും ബ്രിട്ടീഷ് പാർലമെന്റ് തള്ളി. വെള്ളിയാഴ്ച രാത്രിനടന്ന വോട്ടെടുപ്പിൽ 286-നെതിരേ 344 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. ഇതോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനുള്ള സാധ്യത മങ്ങി. ബ്രെക്സിറ്റ് കാലാവധി ദീർഘമായി നീട്ടുകയോ കരാറില്ലാതെ പിരിയുകയോ ആണ് ഇനി ബ്രിട്ടന് മുന്നിലുള്ള പോംവഴി. നിലവിൽ കരാറോടെ യൂണിയൻ വിടാൻ മേയ് 22 വരെയും കരാറില്ലാതെ ഏപ്രിൽ 12 വരെയുമാണ് യൂറോപ്യൻ യൂണിയൻ ബ്രിട്ടന് സമയം അനുവദിച്ചിട്ടുള്ളത്.

കരാറിനെ പിന്തുണയ്ക്കുകയാണെങ്കിൽ താൻ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കാമെന്ന് വാഗ്ദാനംചെയ്തുള്ള അവസാനശ്രമവും ഫലംകാണാത്തത് മേയ്ക്ക് കനത്ത തിരിച്ചടിയായി. കരാർ വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിൽ മേയ് രാജിവാഗ്ദാനത്തിൽനിന്ന് പിന്മാറുമോയെന്നതും വ്യക്തമല്ല.

കരാർ പരാജയപ്പെട്ട സാഹചര്യത്തിൽ ബ്രെക്സിറ്റ് സംബന്ധിച്ച ഭാവിചർച്ചകൾക്കായി ഏപ്രിൽ 10-ന് യൂറോപ്യൻ കൗൺസിൽ യോഗം ചേരുമെന്ന് കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് പറഞ്ഞു. മേയ് രാജിവെച്ച് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles