Sunday, May 5, 2024
spot_img

ജൂവലറിയിൽ സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്ന് പവന്റെ വളകളുമായി മുങ്ങി; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

കണ്ണൂർ:തളിപ്പറമ്പിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്ന് പവന്റെ വളകളും
മോഷ്ടിച്ച് സ്ഥലംവിട്ടു.തളിപറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശം ദേശീയ പാതയോരത്തെ അറ്റ്‌ലസ് ജൂവലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ മോഷ്ടിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് രണ്ട് സ്ത്രീകൾ ജൂവലറിയിലെത്തി വളകൾ ആവശ്യപ്പെട്ടത്‌.

വളകൾ തെരയുന്നതിനിടെയിൽ ജൂവലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചതെന്ന് ജീവനക്കാർ പറയുന്നു.വളകൾ ബാഗിൽ വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഇതേ സമയം മറ്റൊരു സ്ത്രീയും സ്വർണം വാങ്ങാനെത്തിയിരുന്നു.വളകൾ വാങ്ങാനെത്തിയവർ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചു പോയി.

രാത്രി സ്റ്റോക്കിന്റെ കണക്ക് ചെക്ക് ചെയ്യുമ്പോഴാണ് മൂന്ന് വളകൾ കുറഞ്ഞതായി മനസ്സിലാക്കാനായത്.തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു ജൂവലറിയുടെ പുറത്തെ സി.സി.ടി.വിയിൽ മൂന്ന് സ്ത്രീകളും ഒരുമിച്ചു വരുന്നതായി വ്യക്തമാണ്.

എന്നാൽ ഇവർ ജൂവലറിയിലേക്ക് കയറിയത് ഒരുമിച്ചായിരുന്നില്ല. മോഷണം നടത്തിയ സ്ത്രീകളുടെ കൂടെയുണ്ടായിരുന്നതു തന്നെയാണ് ഇഷ്ടപ്പെടാത്ത ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചു പോയ സ്ത്രീയുമെന്നാണ് പ്രാഥമിക നിഗമനം.കന്നട ഭാഷയിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്.എം.വി പ്രജീഷ് കുമാർ , എം.വി ലിജീഷ്‌കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തളിപ്പറമ്പ് അറ്റ്‌ലസ് ജൂവലറി. വ്യാപാരി നേതാക്കളായ വി. താജുദ്ദീന്റെയും സി.പി ഷൗക്കത്തലിയുടെയും നേത്വത്തിൽ സി.സി.ടി വി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകി.തുടർന്ന് തളിപറമ്പ് പോലീസ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles