Monday, May 6, 2024
spot_img

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ഷണം സ്വീകരിച്ച് ഗുസ്തി താരങ്ങൾ; മാസങ്ങൾ പിന്നിട്ട സമരത്തിനൊടുവിൽ കേന്ദ്രസർക്കാരും താരങ്ങളും നിർണായ തീരുമാനങ്ങളിലേക്ക്; കേസിൽ പോലീസ് ഇന്ന് കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കും

ദില്ലി: സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. സർക്കാർ താരങ്ങളുമായി അവരുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതായും ആശയവിനിമയത്തിനായി അവരെ ഒരിക്കൽ കൂടി ക്ഷണിക്കുകയാണെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. താരങ്ങൾ മന്ത്രിയുടെ ക്ഷണം സ്വീകരിച്ചു. ലൈംഗീക പീഡന ആരോപണം നേരിടുന്ന റെസിലിംഗ് ഫെഡറേഷൻ മുൻ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഏപ്രിൽ മുതൽ താരങ്ങൾ ദില്ലിയിൽ സമരം ചെയ്യുന്നത്. ഒളിമ്പ്യൻമാരായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ശനിയാഴ്ച താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് താരങ്ങൾ മാസങ്ങളായി നടത്തിവന്നിരുന്ന സമരം നിർത്തി ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. തുടർന്നാണ് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വീണ്ടും കായിക താരങ്ങളെ ക്ഷണിച്ചത്.

അതേസമയം ദില്ലിപോലീസ് കേസുമായി ബന്ധപ്പെട്ട് ഇന്ന് റോസ് അവന്യു കോടതിയിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ബ്രിജ് ഭൂഷൺ സിംഗിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളെയും ജോലിക്കാരെയും ബന്ധുക്കളെയും പരിശോധനക്കിടെ ചോദ്യം ചെയ്‌തു. നന്ദിനി നഗർ മഹാവിദ്യാലയ നാഷണൽ അക്കാദമിയിലും അന്വേഷണസംഘം പരിശോധന നടത്തുകയും കോച്ചുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.

Related Articles

Latest Articles