Friday, October 16, 2026

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; 37 ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത

​തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (വെള്ളി) കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
​ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ അനുഭവപ്പെടാം. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു.
​
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളമായി കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സംഭാരം, ORS എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.
​സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Related Articles

Latest Articles