Friday, May 17, 2024
spot_img

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണം; ഭരണഘടനാ വിരുദ്ധമായി ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ബാഹ്യശക്തി; ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ !

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണം. ഐ ജി കെ ലക്ഷ്മണയാണ് ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നിൽക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് ലക്ഷ്മണ വെളിപ്പെടുത്തിയത്. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഗുരുതര ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകൾ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളിൽ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളിൽ ഉൾപെട്ട സാമ്പത്തിക തർക്കങ്ങളിൽ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവർത്തിക്കുന്ന ഇതേ ശക്തിയുടെ അദൃശ്യ കരങ്ങളാണ് തന്നെ മോൻസൻ കേസിൽ പ്രതിയാക്കിയതെന്നും ഹർജിയിയിൽ ലക്ഷ്മണ ഉന്നയിക്കുന്നു.

മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മണ. ഈ കേസിൽ മറ്റെന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലക്ഷ്മണയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുകയാണ്. ആഭ്യന്തര ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ ആരോപണം എന്നത് ശ്രദ്ധേയമാണ്. മോൻസനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 15 മാസത്തെ സസ്പെൻഷനുശേഷം സർവീസിൽ തിരിച്ചെത്തിയ ലക്ഷ്മണക്ക്, പൊലീസിനെ പരിശീലിപ്പിക്കുന്ന ചുമതലയിലാണിപ്പോൾ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷും നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Related Articles

Latest Articles