Saturday, May 4, 2024
spot_img

നീ തന്നെയാണ് രാജ, പോയി അടിക്കെടാ ! ഏതു സാഹചര്യത്തിലും കളിക്കാർക്കൊപ്പം നിൽക്കുന്ന ക്യാപ്റ്റൻ; ധോണിയെ പുകഴ്ത്തി അശ്വിൻ

ചെന്നൈ: ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ പരാജയപ്പെടുമ്പോൾ പോലും എപ്പോഴും ചർച്ചയാകുന്നൊരു പേരാണ് ആരാധകരുടെ തലയായ മഹേന്ദ്ര സിംഗ് ധോണി. ധോണിക്ക് കീഴിൽ ഇന്ത്യ മുത്തമിടാത്ത ഐസിസി ട്രോഫികളില്ലെങ്കിലും ഇന്ന് ഇന്ത്യ ഒരു ഐസിസി ട്രോഫിക്ക് വേണ്ടി കാത്തിരിക്കുകയാണ്. നമ്പർ വൺ സ്പിന്നറായ അശ്വിനെ ബെഞ്ചിലിരുത്തിയതും വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ, ധോണിയുടെ സവിശേഷതകൾ വിശദീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സ്പിന്നർ ആർ. ആശ്വിൻ.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ധോണിയെപ്പറ്റി ചില കാര്യങ്ങൾ പങ്കുവച്ചത്. ധോണിക്ക് കീഴിൽ നമ്മൾ മൂന്ന് ഐസിസി കിരീടങ്ങൾ നേടി. ധോണിക്ക് കീഴിൽ കളിച്ചിട്ടുള്ള താരമെന്ന നിലയിൽ പറയാം, അദ്ദേഹത്തിന്റെ രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമിനെ വിശ്വസിക്കുക എന്നതാണത്. 15 അംഗ ടീമിലായാലും പ്ലേയിംഗ് ഇലവനിലായാലും ധോണി ഒരേ ടീമിൽ വിശ്വസിച്ചുവെന്നും അശ്വിൻ പറയുന്നു.

ധോണിക്ക് കീഴിൽ കളിക്കുമ്പോൾ കളിക്കാർക്ക് ഒരിക്കലും ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് അരക്ഷിത ബോധം ഉണ്ടായിരുന്നില്ല. ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു കളിക്കാരനെയും ടീമിൽ നിന്ന് പുറത്താക്കിയില്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെങ്കിൽ അത് കളിക്കാരനെ മാനസികമായും അവന്റെ പ്രകടനത്തെയും ബാധിക്കും. തോറ്റാലും ജയിച്ചാലും ഫൈനൽ വരെയും ഫൈനലിലും ഒരേ ടീമിനെ തന്നെ കളിപ്പിക്കുകയാണ് ധോണി ചെയ്തത്. കളിക്കാരിൽ വിശ്വാസമർപ്പിച്ച് നീ തന്നെയാണ് രാജ, പോയി അടിക്കെടാ എന്നൊരു ആത്മവിശ്വാസം ക്യാപ്റ്റൻ നൽകുമ്പോൾ കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അശ്വിൻ വ്യക്തമാക്കി.

Related Articles

Latest Articles