Wednesday, May 8, 2024
spot_img

86 ലക്ഷം രൂപയ്ക്ക് വസ്തു വാങ്ങാമെന്ന് ഏറ്റ് വൃദ്ധയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ; വെറും നാല് ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തത് 22 സെന്‍റ് സ്ഥലവും വീടും

കൊച്ചി: പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷി (38) നെയാണ് മുനമ്പം ഡിവൈഎസ്.പി എംകെ.മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73-കാരിയുടെ ഭർത്താവിന്‍റെ പേരിലുള്ള വീടും പുരയിടവുമാണ് 86 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ മാത്രം നൽകി ആധാരം ചെയ്ത് തട്ടിയെടുത്തത്. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തിനിടയിൽ ഏതാനും മാസം മുമ്പ് സാവിത്രി മരണപ്പെട്ടിരുന്നു.

സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകളുണ്ട്. സുപ്രീം കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Latest Articles