Monday, May 6, 2024
spot_img

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട; കോട്ടയം സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്

പാലക്കാട്: റെയിൽവേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും നടത്തിയ പരിശോധനില്‍ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്‌(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയിലായത്.

വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട്‌ എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക് ബസിൽ പോകുന്നതിനായി സ്റ്റേഷനിൽ ഇറങ്ങി വരുമ്പോഴാണ് പിടിയിലായത്. എറണാകുളം – കോട്ടയം കേന്ദ്രികരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരിലെ പ്രാധാന കണ്ണിയാണ് പിടിയിലായ നബീലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 10 ലക്ഷത്തോളം രൂപ വിലവരും എന്നാണ് കണ്ടെത്തൽ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ വ്യാപകമാണെന്നും റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു. ആര്‍പിഎഫ് ഇൻസ്‌പെക്ടർ. എൻ കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് പികെ, ആര്‍പിഎഫ് എസ്ഐമമാരായ ദീപക് എ. പി., അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത് കെ ആര്‍പിഎഫ് എഎസ്ഐമാരായ സജു കെ, രവി എസ് എം, ഹെഡ് കോൺസ്റ്റബിൾ അശോക് എന്‍, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ രജീഷ്, സുരേഷ് ആര്‍, ആര്‍പിഎഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സിഇഒ മാരായ രമേശ്‌ ആര്‍, സുനിൽ കുമാർ കെ, സാനി, ഡബ്യുസിഇഒ സീനത്ത് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Related Articles

Latest Articles