Monday, May 6, 2024
spot_img

കൊറോണ വൈറസ്ബാധയെന്ന് സംശയം,യുവാവ് കൊച്ചി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ.

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുമ്പോൾ രോഗ ലക്ഷണമെന്ന സംശയത്തോടെ യുവാവ് കൊച്ചിയിൽ ചികിത്സയിൽ. ഒരു മാസത്തെ ചൈന സന്ദർശനത്തിനുശേഷം ഡിസംബർ 21ന് തിരിച്ചെത്തിയ പെരുമ്പാവൂർ സ്വദേശിയെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മുപ്പത് വയസ്സുള്ള പുരുഷനാണ് ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 11 മണിക്കാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

ചൈന സന്ദർശനം കഴിഞ്ഞെത്തിയ യുവാവിന് വൈറസ് ബാധയുണ്ടോയെന്നത് സംബന്ധിച്ച് സംശയങ്ങൾ മാത്രമേ നിലവിലുള്ളു. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമെ വൈറസ് ബാധയുണ്ടോയെന്നത് സ്ഥിരീകരിക്കാനാകൂ. യുവാവിന്‍റെ രക്ത സാമ്പിൾ ഇന്ന് പൂനെയിലെ ലാബിലേക്കയക്കും. ജാഗ്രതയെന്നോണമാണ് യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും നിർദേശമുണ്ട്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎല്ലിനെ ചുമതലപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തിൽ കൊറോണ വൈറസ് ബാധയുള്ളവർ എത്തുന്നുണ്ടോ എന്നറിയാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലടക്കം തെർമൽ സ്കാനിംഗ് നടത്തുന്നുണ്ട്. എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്താനാണിത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കാനാണ് നിർദേശം.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങളാണ് പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഇവ മാത്രമല്ല, മേൽ പറഞ്ഞ പോലെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളില്‍ പെടുന്നവയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം.

Related Articles

Latest Articles