പാലക്കാട് : ട്രെയിനിൽ യാത്രക്കാരനെ സഹയാത്രികൻ ആക്രമിച്ച സംഭവത്തിൽ പ്രതി സിയാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള സിയാദ് നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.തൃശൂർ ഈസ്റ്റ്, പാവറട്ടി, ഗുരുവായൂർ എന്നി സ്റ്റേഷനുകളിൽ സിയാദിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ആലുവയിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. ഇയാളുടെ കയ്യിൽ നിന്നും ഒരു റിസര്‍വേഷൻ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്.
പരപ്പനങ്ങാടി സ്വദേശി ദേവദാസ് എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ സിയാദ് ദേവദാസിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇന്നലെ രാത്രി 10:50ന് മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് സിയാദ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് സിയാദ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിയാദിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടുകയായിരുന്നു.

