ദില്ലി : ലോക്ക്ഡൗണില്‍ അകപ്പെട്ടിരിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എട്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.അന്യസംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രത്തിന് വേണ്ട പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ അമിത് ഷാ വിമര്‍ശിച്ചിരുന്നു.ഇതിനു തൊട്ട് പിന്നാലെയാണ് സര്‍ക്കാര്‍ ട്രെയിന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്..മമതയുടെ നടപടി അനീതിയാണെന്നായിരുന്നു അമിത് ഷാ കത്തിലൂടെ ചൂണ്ടിക്കാട്ടിയത്.
ബംഗാളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മമത തയ്യാറാകാത്തത് ലോക്ക്ഡൗണ്‍ കാലത്ത് അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
അതേസമയം, അമിത് ഷായുടെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി രംഗത്തെത്തി. ആഭ്യന്തരമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടമകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു. അമിത് ഷാ ആരോപണങ്ങള്‍ തെളിയിക്കുകയോ മാപ്പ് പറയുകയോ വേണമെന്നും ബാനര്‍ജി ട്വീറ്റ് ചെയ്തു.അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് നാട്ടിലെത്താന്‍ കേന്ദ്രം ഇടപെടണമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമത ബാനര്‍ജി ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയിരുന്നു.

