ബംഗളൂരു: രാജ്യത്ത് വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ ഫണ്ട് നിയമവിരുദ്ധമായി ഉപയോഗിച്ചതായി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിൽ അമേരിക്ക ആസ്ഥാനമായ ക്രിസ്ത്യൻ മിഷനറി സംഘടനക്കും മറ്റ് ആറു പേർക്കുമെതിരെ യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ സുനിൽ കുമാർ സിൻമാർ സമർപ്പിച്ച പരാതിയിൽ ബംഗളൂരു കൊത്തനൂർ പൊലീസാണ് കേസെടുത്തത്.
അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷനറി സംഘടനയായ ദി തിമോത്തി ഇനിഷ്യേറ്റിവ്, ബെംഗളൂരു ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ജോനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവരെയാണ് പ്രതി കേസിൽ ചേർത്തത്”
പ്രതികൾ ഇന്ത്യയിലുടനീളം വിദേശ ഫണ്ട് പിൻവലിക്കാനും ഉപയോഗിക്കാനും യു.എസ് ബാങ്കിന്റെ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു . ഇതുവഴി നക്സൽ പ്രവർത്തനങ്ങൾക്കും മതപരിവർത്തനത്തിനും ധനസഹായം നൽകിയെന്നാണ് ആരോപണം. 2025 നവംബർ മുതൽ 2026 ഏപ്രിൽ വരെ ഏകദേശം 92.55 കോടി രൂപ നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് കേസ്.
ഏപ്രിൽ 18ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മൈക്ക മാർക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 24 വിദേശ ഡെബിറ്റ് കാർഡുകൾ കൈവശം വെച്ചതായും ഇന്ത്യയിലുടനീളം 1,000ത്തിലധികം കാർഡുകൾ വിതരണം ചെയ്തതായും അന്വേഷണസംഘം പറയുന്നു കൂടാതെ ഈ തുകകൾ ഛത്തീസ്ഗഡിലെ ബസ്തർ, ധംതരി തുടങ്ങിയ നക്സൽ സ്വാധീന പ്രദേശങ്ങളിലേക്ക് എത്തിച്ചുവെന്ന സംശയവും പോലീസ് വ്യക്തമാക്കുന്നു .ആദിവാസി മേഖലകളിൽ മതപരിവർത്തന പ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടരുന്നു.

