തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവിന്റെ രണ്ടാം ദിനമായ ഇന്ന്സംസ്ഥാനത്ത് പൊലീസ് കൂടുതൽ കർശന പരിശോധന നടത്തും. ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് നിരത്തിലിറങ്ങാൻ അനുമതി. ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്.
എന്നാൽ ഗ്രീൻസോൺ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സർവീസുകൾക്ക് അനുമതിയില്ല. പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും പാലക്കാടും നഗരാതിർത്തികൾ അടച്ചിടും.
വയനാട് അവശ്യസേവനങ്ങള്ക്ക് മാത്രമാണ് ഇനി അനുമതി. ഇളവിന്റെ ആദ്യ ദിവസമായ ഇന്നലെ കൂട്ടത്തോടെ വാഹനങ്ങള് നിരത്തിലിറങ്ങിയത് കണക്കിലെടുത്ത് പൊലീസ് ഇന്ന് കൂടുതല് കര്ശന പരിശോധന നടത്തുന്നത്.
കൊവിഡ് കേസുകള് തുടര്ച്ചയായി കൂടുന്ന കണ്ണൂരില് ഇന്ന് മുതല് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെന് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കാസര്കോട് മാതൃകയില് ട്രിപ്പിള് ലോക്ക് സംവിധാനത്തില് എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലും കര്ശന പരിശോധന ഏര്പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള് പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.

