കഴക്കൂട്ടം: ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഇന്ദ്രോയല്‍ ഫര്‍ണിച്ചറിന്‍റെ നിര്‍മ്മാണ യൂണിറ്റിലെ മുപ്പതോളം ജീവനക്കാരെ പുറത്താക്കിയാണ് കമ്പനി അടച്ചുപൂട്ടിയത്.

കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നാണ് അധികൃതരുടെ വാദം. കമ്പനി ഒരു മാസമായി അടഞ്ഞു കിടക്കുകയാണ്. എന്നാല്‍, തിങ്കളാഴ്ചയോടെ കമ്പനി മറ്റൊരു മാനേജ്‌മെന്‍റിനു കീഴില്‍ തുറന്നുപ്രവര്‍ത്തിക്കുകയും വിവരമറിഞ്ഞ പുറത്താക്കപ്പെട്ട ജീവനക്കാര്‍ കമ്പനിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. തങ്ങളെ വഞ്ചിച്ച കമ്പനി അധികൃതര്‍ക്കെതിരെ ജീവനക്കാര്‍ കഴക്കൂട്ടം പോലീസിലും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കി.