Monday, April 29, 2024
spot_img

അന്താരാഷ്ട്ര വിമാന സർവീസ് ഓഗസ്റ്റിന് മുമ്പ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

ദില്ലി: കോവിഡ് കാരണം നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഓഗസ്റ്റിന് മുമ്പ് പുനഃരാരംഭിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഫേസ്ബുക്ക് ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇനിയും എടുത്തിട്ടില്ല. എന്നിരുന്നാലും, വന്ദേ ഭാരത് മിഷൻ പ്രകാരം വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങൾ സർവീസ് തുടരും. ഏറ്റവുമാദ്യം ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് മുൻഗണന. വന്ദേ ഭാരത് മിഷന്റെ ആദ്യ 25 ദിവസങ്ങളിൽ 50,000 പേരെ പ്രത്യേക വിമാനങ്ങളിലൂടെ തിരികെ കൊണ്ടുവരാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ മറ്റു പൊതുഗതാഗത മാർഗ്ഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യോമയാനമന്ത്രാലയം നിരീക്ഷിക്കുമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. നിലവിൽ പ്രാദേശിക സർവീസുകൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഭാവിയിൽ അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി റെയിൽവേ, ബസുകൾ തുടങ്ങിയ സേവനങ്ങൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിനു ശേഷം നിർത്തിവച്ച ആഭ്യന്തര വിമാന സർവീസ് മെയ് 25 മുതൽ പുനഃരാരംഭിക്കും. ആദ്യഘട്ടത്തിൽ എല്ലാ റൂട്ടിലേക്കും സർവീസ് നടത്തുന്നുണ്ട്. 35 നഗരങ്ങളിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ 39 വിമാനത്താവളത്തിൽ വന്നിറങ്ങുമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നത്.

Related Articles

Latest Articles