Friday, April 19, 2024
spot_img

എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം ; മുഴപ്പിലങ്ങാട് സ്വദേശി പോലീസ് പിടിയില്‍

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി കെടി ഷല്‍കീറി(38)നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ഷല്‍കീറിനെയാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകുന്നേരം മുതലാണ് എരഞ്ഞോളി മൂസ മരിച്ചെന്ന തരത്തിലുള്ള സന്ദേശം വാട്സ്‌ആപ്പിലും ഫേസ്ബുക്കിലുമായി പ്രചരിച്ചു തുടങ്ങിയത്. തലശ്ശേരി ടൗണിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.

‘ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്‍റെ സന്നിധിയിലേക്ക് മടങ്ങി’ എന്ന് തുടങ്ങുന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. നിരവധി പേര്‍ ഇത് പങ്കുവെക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട എരഞ്ഞോളി മൂസ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവിച്ചിരിപ്പുണ്ടെന്നും ആരാധകരെ അറിയിച്ചു.

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താന്‍ ജീവനോടെയുണ്ടെന്ന വിവരം മൂസ ആളുകളെ അറിയിച്ചത്. വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കണെമെന്നും വീഡിയോയില്‍ മൂസ ആവശ്യപ്പെട്ടു.

Related Articles

Latest Articles