Tuesday, April 30, 2024
spot_img

ഒരു രൂപ മാറ്റിവച്ചാൽ ലഭിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് അറിയാം പിഎംജെജെബിവൈ| PMJJBY

സാധാരണയായി കുറഞ്ഞ വരുമാനക്കാരായ വ്യക്തികള്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങിക്കുന്നതിനായി അധികം താത്പര്യം കാണിക്കാറില്ല. ഓരോ ദിവസത്തെയും ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ തന്നെ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സിനായി ഒരു തുക ഓരോ മാസവും മാറ്റിവയ്ക്കുക എന്നത് അധിക ബാധ്യതയായി മാറും. എന്നാല്‍ ഈ സാഹചര്യത്തിന് വിരാമമിടുന്നതിനായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കുവാന്‍ സാധിക്കും. പ്രീമിയം തുക വളരെ കുറഞ്ഞ തുകയായതിനാല്‍ തന്നെ താഴ്ന്ന വരുമാനമുള്ള വ്യക്തികള്‍ക്ക് പോലും ഏറെ എളുപ്പത്തില്‍ ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാറിന്റെ അത്തരമൊരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന.

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്ക് വെറും 330 രൂപ പ്രതിവര്‍ഷ പ്രീമിയത്തില്‍ ലഭിക്കും. അതായത് ഈ ഇന്‍ഷുറന്‍സ് നേട്ടം നിങ്ങള്‍ക്ക് ലഭിക്കുവാന്‍ മാസം 30 രൂപയില്‍ താഴെയുള്ള തുക മാത്രം മാറ്റി വച്ചാല്‍ മതിയാകും.

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന അഥവാ പിഎംജെജെബിവൈ പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ടേം ഇന്‍ഷുറന്‍സ് സേവനമാണ് ലഭിക്കുന്നത്. പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തി രോഗ ബാധിതനായോ, അപകടത്തില്‍ പെട്ടോ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും. 2015ലാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്നത്.

എന്നാല്‍ നിങ്ങള്‍ക്ക് പദ്ധതിയുടെ നേട്ടം ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണം. പദ്ധതിയുടെ ഗുണഭോക്താവ് ആയാല്‍ ഓരോ വര്‍ഷവും നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും 330 രൂപ വീതം സ്വയമേവ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുക. 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും.

പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിനായി https://jansuraksha.gov.in/ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം അടുത്തുള്ള ബാങ്കിലോ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലോ സമര്‍പ്പിക്കാം. ഇനി നിങ്ങള്‍ക്ക് ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രമേ ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നേട്ടം ലഭിക്കുകയുള്ളൂ.

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന സറണ്ടര്‍ ആനുകൂല്യവും നല്‍കുന്നില്ല. പോളിസിക്കായി അടച്ച പ്രീമിയം ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. സേവിംഗ് ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കുന്ന ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ വഴി പോളിസി ഹോള്‍ഡര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കാലാവധി തിരഞ്ഞെടുക്കാന്‍ കഴിയും.

കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്. പദ്ധതി വ്യക്തിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയും കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്യും. പോളിസി നിബന്ധനകള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ പോളിസിയുടെ ഉപയോക്താവ് ആകുവാന്‍ സാധിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles