Monday, April 29, 2024
spot_img

കാന്‍ ഫിലിം മാര്‍ക്കറ്റിലേക്ക് മലയാളം സിനിമ ഈലം തിരഞ്ഞെടുത്തു

ലോക പ്രശസ്ത ഫിലിം മാര്‍ക്കറ്റായ കാനിലേക്ക് മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാര്‍ക്കറ്റ് ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് കാരണം ഈ പ്രാവശ്യം ഫിലിം മാര്‍ക്കറ്റ് ഓണ്‍ലൈന്‍ ആക്കുകയായിരുന്നു.

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം ജൂണ്‍ 22 മുതല്‍ 26 വരെ നടക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ സ്‌ക്രീന്‍ ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരൂപകര്‍ക്കും പ്രേക്ഷകര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും മുന്നില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. ഏഴായിരത്തില്‍ അധികം സെയില്‍സ് ഏജന്റുമാരും ഡിസ്ട്രിബ്യൂട്ടര്‍മാരും പങ്കെടുക്കുന്ന കാന്‍ ഫിലിം മാര്‍ക്കറ്റിലേത് ഈലത്തിന്റെ വേള്‍ഡ് ഇന്റസ്ട്രിയല്‍ പ്രീമിയര്‍ കൂടിയാണ്.

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്ളോറന്‍സ് അവാര്‍ഡ് നേടിയിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. മാര്‍ച്ചില്‍ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും നേടിയിരുന്നു.

ഇതുകൂടാതെ പോര്‍ട്ടോറിക്കോയില്‍ വച്ച് നടന്ന ബയമറോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച പരീക്ഷണ ചിത്രത്തിനുള്ള ജൂറി അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഒരു സര്‍ റിയല്‍ ബാറില്‍ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. തമ്പി ആന്റണി, കവിത നായര്‍, റോഷന്‍ എന്‍. ജി, വിനയന്‍, ജോസ്‌കുട്ടി മഠത്തില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈഗോ പ്ലാനറ്റിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര, വിനയന്‍ നായര്‍ എന്നിവരാണ് ഈലം നിര്‍മ്മിച്ചത്.

Related Articles

Latest Articles