Friday, May 24, 2024
spot_img

ഇന്നും കോവിഡില്ല, ഇനി ചികിത്സയിൽ 30 പേർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ബുധനാഴ്ച ആര്‍ക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴുപേരുടെ ഫലം നെഗറ്റീവായി. കോട്ടയത്ത് ആറ് പേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തരായത്.

30 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

35,599 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 34,603 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് പരിശോധന നടത്തിയത് 1,104 സാമ്പിളുകളാണ്.

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കോവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. പുതിയ ഹോട്ട്‌സ്‌പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ഗണനാ ഗ്രൂപ്പിലെ 2,947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2,147 എണ്ണം നെഗറ്റീവായി. കണ്ണൂരില്‍ 18 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles