Monday, October 12, 2026

കേരളത്തിൽ ആദ്യ കോവിഡ് മരണം

കൊച്ചി: കേരളത്തിലും കൊവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. മാര്‍ച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്,തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയില്‍ ആണ്.രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ന്യുമോണിയ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സയിലായിരുന്നയാളാണ്. രോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

ദുബൈയില്‍ നിന്ന് വരും വഴി എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനായി വിളിച്ച ടാക്‌സി ഡ്രൈവറും കൊവിഡ് പൊസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ടാക്‌സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗ ബാധിതനായി മരിച്ച ആള്‍ താമസിച്ച ഫ്‌ളാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കി.

മരണാനന്തര ചടങ്ങുകള്‍ക്ക് അടക്കം നിയന്ത്രണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകു. ഇവലെല്ലാം പതിനാല് ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണം.

Related Articles

Latest Articles