Saturday, May 4, 2024
spot_img

തങ്കമണി റോഡരികില്‍ ഈ നില്‍പ്പു തുടങ്ങിയിട്ട് വര്‍ഷം 35ന് അടുത്തായി

തങ്കമണി മാക്സിയണിഞ്ഞത് ഇന്നോ ഇന്നലെയോ അല്ല. റോഡരികില്‍ ഈ നില്‍പ്പു തുടങ്ങിയിട്ട് വര്‍ഷം 35ന് അടുത്തായി. ഇത്രയും കാലമായിട്ടും ആ നില്‍പ്പിന് ഒരു മടുപ്പുമില്ല. മടുപ്പില്ലെന്നുമാത്രമല്ല, വ്യത്യസ്തമായ സ്റ്റൈലുകളില്‍ അവള്‍ ദിവസം തോറും പുതുക്കപ്പെടുന്നു. വഴിയാത്രക്കാരുടെ കണ്ണ് തങ്കമണിയുടെ മാക്സിയില്‍ ഉടക്കാതിരിക്കാന്‍ നിവൃത്തിയില്ല. അവിടെയൊന്നുകയറും, വാങ്ങും. അങ്ങനെ വാങ്ങുന്നവരില്‍ പലരും മാക്സി വാങ്ങാന്‍ മാത്രമായും പിന്നീട് ഈവഴിയെത്തും. അങ്ങനെ തങ്കമണിയും അവളുടെ മാക്സിയും പ്രശസ്തമായി. തൃശൂരിന്റെ മാക്സിത്തെരുവായി തങ്കമണി മാറി. നൈറ്റി എന്ന് സ്ത്രീകൾ പിന്നീട് ഓമനപ്പേരിട്ടുവിളിച്ച മാക്സിക്കും അവളെ അണിയിച്ചുനിര്‍ത്തുന്ന തങ്കമണിക്കും വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമുണ്ട്, രസകരമായ ചരിത്രം.


തങ്കമണി നിങ്ങള്‍ കരുതുന്ന തങ്കമണിയല്ല. ആദ്യം തങ്കമണിയൊരു ബസ്സായിരുന്നു, ഓടിയോടി പിന്നീട് സ്ഥലപ്പേരായിമാറി. തൃശൂര്‍ നഗരത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ളൊരു സ്ഥലം. തൃശൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍ കൂര്‍ക്കഞ്ചേരിക്കു തൊട്ടുമുന്‍പുള്ള നൂറുമീറ്റര്‍ പ്രദേശമാണ് തങ്കമണിയെന്നറിയപ്പെടുന്നത്. ഇരിങ്ങാലക്കുടയിലേക്കു പോകുമ്പോള്‍ തങ്കമണിക്കയറ്റവും തിരിച്ചുപോരുമ്പോള്‍ തങ്കമണിയിറക്കവും.ഈ റൂട്ടില്‍ ആദ്യകാലത്ത് ഓടിയ ബസ്സിന്റെ പേരായിരുന്നു തങ്കമണിയെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. തങ്കമണിക്കയറ്റത്തില്‍നിന്ന് കണ്ണംകുളങ്ങരയിലേക്കു പോകുന്ന റോഡിലായിരുന്നു ഈ ബസ്സുടമയുടെവീട്.

അദ്ദേഹത്തിന്റെ മകളുടെ പേരായിരുന്നു തങ്കമണി.ബസ് വാങ്ങിയപ്പോള്‍ അതിന് മകളുടെ പേരിട്ടു. ഈ വീടിനു മുന്നില്‍ പിന്നീട് ബസ് സ്റ്റോപ്പും വന്നു. അതിനു പേര് തങ്കമണി സ്റ്റോപ്പെന്നും. പിന്നീടെപ്പോഴോ ഈ കുടുംബം ഇവിടെനിന്നുപോയി. ആ ബസ്സും നിലച്ചു. പക്ഷേ ബസ് സ്റ്റോപ്പും സ്ഥലപ്പേരും തങ്കമണിയില്‍ ഉടക്കിനിന്നു അന്നും ഇന്നും.
തങ്കമണി പ്രദേശത്തെ ചെറുവത്തൂര്‍ വീട്ടില്‍ പൈലി ആ മേഖലയിലെ ആദ്യകാല തുന്നല്‍ക്കാരില്‍ പ്രമുഖനായിരുന്നു. തങ്കമണിക്കയറ്റത്ത് 40 വര്‍ഷം മുന്‍പ് അദ്ദേഹമൊരു തുന്നല്‍ക്കടയിട്ടു. സഹായിയായി അനുജന്‍ ജോസും. നല്ല രീതിയില്‍ തയ്ച്ചു മുന്നേറിയതോടെ ആ കട ചെറിയൊരു തുണിക്കടയായി രൂപംമാറി. എണ്‍പതുകളുടെ അവസാനത്തില്‍ മലയാളിസ്ത്രീകൾ മാക്സിയെന്ന ഒറ്റക്കുപ്പായത്തിലേക്ക് വഴിമാറിയ സമയത്ത് പൈലിച്ചേട്ടന്‍ കടയ്ക്കു മുന്നില്‍ സ്വന്തമായി ഇത്തരം കുറച്ചെണ്ണം തയ്ച് തൂക്കിയിട്ടു.സ്ത്രീകള്‍ക്ക് അതങ്ങ് ബോധിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. എല്ലാം പെട്ടെന്നു വിറ്റുപോയി.അതോടെ പൈലി മാക്സിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. ഇതിനിടയില്‍ ജോസും സ്വന്തമായി കട തുടങ്ങി.

ചെറുവത്തൂര്‍ ബ്രദേഴ്സിന്റെ ആ വഴിപിരിയല്‍ ഒരു അവസാനമായിരുന്നില്ല,തുടക്കമായിരുന്നു. തങ്കമണിക്കയറ്റത്തെ മാക്സിയുടെ എക്സ്ക്ലൂസീവ് വില്‍പന കേന്ദ്രമാക്കിയതിന്റെ ആരംഭം. രണ്ടു കടകളിലായി ഈ സഹോദരന്മാര്‍ തുടങ്ങിവച്ച മാക്സിവിപ്ലവത്തിലേക്ക് കാലക്രമേണ കൂടുതല്‍പ്പേര്‍ എത്തിപ്പെട്ടു.ഇപ്പോള്‍ നൂറുമീറ്റര്‍ പരിധിയില്‍ ഇരുപതോളം മാക്സിക്കടകളുണ്ട്. ഇതില്‍ പൈലിയുടെയും ജോസിന്റെയും കടകള്‍ ഇപ്പോഴും സജീവം. ചെറുവത്തൂര്‍ എന്ന പേരില്‍ പൈലി ആരംഭിച്ച കട അതേ പേരില്‍ ഇപ്പോള്‍ മകന്‍ മോഹനന്‍ നടത്തുന്നു. ജോസിനു രണ്ട് കടകളുണ്ട്. ജോസ് ഫേബ്രിക്സും ജോസ് കലക് ഷന്‍സും. നാലു ദിവസം മുന്‍പാണ് ജോസ് മരിച്ചത്.

ഭാര്യ അന്നമ്മയും മകന്‍ ബിസും കുറേക്കാലംമുതലേ ജോസിനൊപ്പം ബിസിനസിലുണ്ട്. അപ്പന്റെ മരണശേഷം ഇനി അമ്മയും മകനും. ആദ്യകാലത്ത് പൈലിയും ജോസുമായിരുന്നു മാക്സികള്‍ തയ്ച്ചിരുന്നതെങ്കില്‍ വില്‍പന ഏറിയതോടെ രണ്ടുപേരും ജോലിക്കാരെ വച്ച് മാക്സി തയ്ക്കാനാരംഭിച്ചു. അതിപ്പോഴും തുടരുന്നു. വിലക്കുറവില്‍ മികച്ച ഉല്‍പ്പന്നം എന്നതാണ് തങ്ങളുടെ മാര്‍ക്കറ്റിങ് രീതിയെന്ന് ബിസ് പറയുന്നു. തുണിയെടുത്തുകൊടുക്കും, ഡിസൈനും നല്‍കും. ജോലിക്കാര്‍ അവരുടെ വീടുകളില്‍ വച്ച് തയ്ച് കടയിലേക്കു മടക്കി നല്‍കും. കാലങ്ങളായി ഈ രീതിയാണ് ജോസിന്റെ കടകളില്‍. സ്വര്‍ണക്കടകളുടെ തെരുവായി തൃശൂരിലെ ഹൈ റോഡ് മാറിയതുപോലെ നൈറ്റികളുടെ തെരുവായി തങ്കമണിക്കയറ്റവും സ്ഥാനം പിടിച്ചു.
മോള്‍ഡിങ്ങിനു വിട

മാക്സിക്കടകള്‍ വരും മുന്‍പ് ടയര്‍ മോള്‍ഡിങ് ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ തെരുവായിരുന്നു ഇത്. എന്നാല്‍ തൊണ്ണൂറുകളോടെ വ്യവസായാന്തരീക്ഷം മാറിയതോടെ ടയര്‍ മോള്‍ഡിങ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. അവിടേക്കാണ് ചെറുവത്തൂര്‍ ബ്രദേഴ്സ് മാക്സിയുടെ ഫാഷന്‍ പരേഡുമായി എത്തിയത്. പണ്ട് പൂത്തോളിലെ വഞ്ചിക്കുളം കഴിഞ്ഞാല്‍ കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു തങ്കമണിക്കയറ്റം എന്നു പഴമക്കാര്‍ പറയുന്നു. കൂര്‍ക്കഞ്ചേരിയും കണിമംഗലവുമൊക്കെ ഇന്നത്തെ നിലയിലേക്ക് വികസിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചായക്കടയും നെല്ലുകുത്തുന്ന മില്ലുും പലചരക്കുകടയുമൊക്കെയായി തങ്കമണിക്കയറ്റമായിരുന്നു നാട്ടുകാരുടെ വിപണികേന്ദ്രം.

Related Articles

Latest Articles