Tuesday, May 7, 2024
spot_img

ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ കാര്യം പറഞ്ഞ് വരുതിയിലാക്കാമെന്ന മോഹമാണ് മന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ധനമന്ത്രിയുടെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയപ്പെട്ടതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രം ഒന്നും തരുന്നില്ലന്നും വായ്പാ പരിധികൂട്ടുന്നില്ലന്നുമൊക്കെ പറയുകയാണദ്ദേഹം.

കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ ആരോഗ്യമേഖലയ്ക്കു മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പതിനയ്യായിരം കോടിയുടെ പാക്കേജാണ് നടപ്പാക്കുന്നത്. ഇതു കൂടാതെയാണ് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സമഗ്ര പാക്കേജ്. എന്നാല്‍ തോമസ് ഐസക്കിന് പാക്കേജ് ഒന്നും വേണ്ട , പണം ഞങ്ങളുടെ കയ്യില്‍ തന്നാല്‍ മതി, ഞങ്ങള്‍ ചെലവാക്കി കൊള്ളാം എന്ന നിലപാടാണ് ഉള്ളത്.

പ്രളയകാലത്ത് കേന്ദ്രം അനുവദിച്ചതും സാധാരണക്കാര്‍ വരെ മനസറിഞ്ഞു തന്നതും എല്ലാം വകമാറ്റുകയും ധൂര്‍ത്തടിക്കുകയുമാണ് ചെയ്തത്. ഐസക്കിന്റെ പാര്‍ട്ടിക്കാര്‍ തന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് ലക്ഷങ്ങള്‍ വെട്ടിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കിയില്ലന്ന് മാത്രമല്ല, സിപിഎം നേതാക്കള്‍ക്കും സര്‍ക്കാരിനും ധൂര്‍ത്തടിക്കാനും ആ പണം ഉപയോഗിച്ചു.

കൊറോണ കാലത്തേക്കായി ലഭിക്കുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുമെന്ന് ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി അവരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Related Articles

Latest Articles