Tuesday, May 7, 2024
spot_img

പാകിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു

കറാച്ചി: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 യാത്രാവിമാനം കറാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു. ലാഹോറില്‍നിന്ന് കറാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് തകര്‍ന്നുവീണത്. അഞ്ചുവീടുകളും തകര്‍ന്നു.

വിമാനത്തില്‍ 8 ക്രൂ അംഗങ്ങളടക്കം 107 യാത്രക്കാരുണ്ടായിരുന്നു. കെട്ടിടങ്ങള്‍ക്ക് വന്‍നാശനഷ്ടമുണ്ടായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്.

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂര്‍ണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചിയിലെ എല്ലാ ആശുപത്രികള്‍ക്കും ഈ നിരോധനാജ്ഞ ബാധകമാണ്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാല്‍ അകത്തേക്ക് കയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആകുന്നില്ല.

ഇന്റര്‍സര്‍വീസസ് പബ്ലിക് റിലേഷന്‍സും, സൈന്യത്തിന്റെ ക്വിക് ആക്ഷന്‍ ഫോഴ്‌സും, സിന്ധ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായി എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പാക് സൈന്യത്തിന്റെ പ്രത്യേകവിമാനങ്ങള്‍ അപകട സ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്.

Related Articles

Latest Articles