കൊല്ലം: കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി കുടുംബത്തെ തടഞ്ഞ് തമിഴ്നാട് പൊലീസ്.
തൃശൂര്‍ സ്വദേശികളായ വിനീഷ് കുമാര്‍, ഭാര്യ മിനി, നാല് വയസുകാരിയായ മകള്‍ അനുഷ എന്നിവരാണ് ഇന്ന് രാവിലെ ചെങ്കോട്ടയില്‍ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടക്കാന്‍ എത്തി അതിര്‍ത്തിയില്‍ കുടുങ്ങിയത് തമിഴ്നാട് രാജപാളയത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരാണ് വിനീഷ് കുമാര്‍.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോകാനാണ് രാവിലെ കാറുമായി ഇറങ്ങിയത്. ആര്യങ്കാവിന് സമീപം തമിഴ്നാട് അതിര്‍ത്തിയില്‍വച്ച് പൊലീസ് ഇവരുടെ കാര്‍ തടഞ്ഞു. രാവിലെ 9 മണിയോടെയാണ് സംഭവം.
നാട്ടിലേക്ക് പോകണമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും വാഹനം കടത്തിവിടാന്‍ തയ്യാറായില്ലെന്ന് മിനി പറഞ്ഞു. കാര്‍ ഒതുക്കിയിട്ട ശേഷം നടന്നപ്പോള്‍ ദൂരക്കാഴ്ചയില്‍ കേരള പൊലീസിനെ കണ്ടതിന്റെ ആശ്വാസത്തിലാണ് ഇവര്‍. ആര്യങ്കാവ് ചെക്ക് പോസ്റ്റിലടക്കം സഹായത്തിന് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ഇതുവരെ ഇവർക്ക് അതിർത്തി കടക്കാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് .

