Monday, April 29, 2024
spot_img

പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. 81 വയസായിരുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം . ഇന്ന് പുലർച്ചെ ഒന്നരയോദേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ കാല ഫോട്ടോഗ്രാഫർമാരിലൊരാളാണ് ഇദ്ദേഹം. കേരളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹമാണ് പകര്‍ത്തിയത്.

എസ്.എ. ഡാങ്കേ, സി. അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ. വാസുദേവന്‍ നായര്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഇടശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍.വി. കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെയൊക്കെ അത്യപൂര്‍വചിത്രങ്ങള്‍ പകര്‍ത്തിയത് രാജനാണ്.

നിരവധി പ്രതിഭകളെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ പകര്‍ത്തിയെടുത്ത പുനലൂര്‍ രാജന്‍, കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ആഗസ്തിലാണ് ജനിച്ചത്. പുനലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍നിന്നും ഫൈന്‍ ആര്‍ട്സ് ഡിപ്ലോമ നേടി.

1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായെത്തിയതോടെ കോഴിക്കോട് അദ്ദേഹത്തിന്റെ തട്ടകമായി മാറി. അതിനിടെയാണ് വൈക്കം മുഹമ്മദ് ബഷീറുമായി സൗഹൃദം സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ സന്തതസഹചാരിയായി മാറുന്നതും.

തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, വി. അബ്ദുല്ല, എന്‍.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരന്‍, പി.എ. ബക്കര്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, ചെലവൂര്‍ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ചിട്ടുണ്ട്

Related Articles

Latest Articles