Wednesday, May 1, 2024
spot_img

ഫുട്ബോൾ കളി കാണാൻ പാടില്ല ! കേരളത്തിന് സമസ്തയുടെ ഫത്വ !

നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കത്തിക്കയറുകയാണ്. എന്നാൽ, ലോകകപ്പ് ടൂർണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികൾക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്ത നൽകിയ പ്രസം​ഗക്കുറിപ്പിൽ പറയുന്നു.

താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതേ തെറ്റാണ്. രാത്രിയിലെ കളി കാണൽ ആരാധന തടസ്സപ്പെടുത്തുമെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.

ഫുട്‌ബോളിനെ എതിർത്തിട്ടില്ല. എന്നാൽ അമിതാവേശം ശരിയല്ല. ഫുട്‌ബോൾ ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഫുട്‌ബോൾ താരാരാധനയായി മാറുന്നത് ഒട്ടും ശരിയല്ല. ഇസ്ലാമിനെ സംബന്ധിച്ച് ഇത്തരം ആരാധനകൾക്ക് നിയന്ത്രണങ്ങളുണ്ട്. ദെെവത്തെ മാത്രമേ ആരാധിക്കാവൂ.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ, വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നു. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും നാസർ ഫൈസി പറഞ്ഞു.

സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. ഇന്ന് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ നടക്കുന്ന പ്രസംഗത്തിൽ താരാരാധനയും ഫുട്‌ബോൾ ജ്വരവും സംബന്ധിച്ച് സംസാരിക്കുമെന്നും, അതിൽ നിന്ന് യുവാക്കൾ പിന്മാറണമെന്ന് ആവശ്യപ്പെടുമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപ് ലോകകപ്പ് ഫുട്‌ബോൾ നടന്നപ്പോഴും ഇത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles