Saturday, April 27, 2024
spot_img

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമല നട ഇന്ന് തുറക്കും; ഇനി ഉത്സവനാളുകൾ

ഈ വർഷത്തെ, ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര മഹോൽസവത്തിനായി തിരുനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറക്കും. തുടർന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേൽശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും.

രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. 12.3.19 ന് രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ. ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും.

13.3.19 ന് ഉത്സവബലി നടക്കും. എല്ലാം ദിവസവും ഉൽസവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും.
അഞ്ചാം ഉൽസവ ദിവസമായ 16. 3.19 ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്. 9-ാം ഉൽസവ ദിനമായ 20 ന് പള്ളിക്കുറിപ്പ്.

10-ാം ഉൽസവ ദിനമായ 21. 3.19 ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിർഭരമായ ആറാട്ടുംപൂജയും. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.

മീനമാസ പൂജകൾക്കായും ഉൽസവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്. സ്വർണ്ണം പൂശിയ പുതിയ ശ്രീകോവിൽ വാതിലിന്റെ സമർപ്പണവും 11.3.19 ന് ആയിരിക്കും നടക്കുക. വലിയ ഭക്തജന സഞ്ചയമായിരിക്കും ശബരിമല ഉൽസവത്തിന് നടതുറക്കുമ്പോൾ അയ്യദർശനപുണ്യ തേടി സന്നിധാനത്ത് എത്തുക.മേടവിഷു പൂജകൾക്കായി 11. 4. 19 ന് നടതുറക്കും.19. 4. 19 ന് ഹരിവരാസനം പാടി നട അടയ്ക്കും.

അതെ സമയം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും അനുബന്ധ പ്രശ്നങ്ങളും സന്നിധാനത്ത് ഉണ്ടാകില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നു ശ്രമങ്ങൾ ഉണ്ടാവില്ല എന്നാണ് വിലയിരുത്തൽ. അത് കൊണ്ട് തന്നെ വളരെ കുറച്ച് പൊലീസുകാരെ മാത്രമാണ് സന്നിധാനത്ത് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles