Thursday, April 18, 2024
spot_img

മഹാത്മജിയുടെ കണ്ണട ലേലത്തിൽ വിറ്റു.എത്ര രൂപക്ക് ആണെന്നറിയാമോ?

ലണ്ടൻ: ഒരു നൂറ്റാണ്ട് മുൻപ് ഗാന്ധിജി സമ്മാനമായി നൽകിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻസാണ് കണ്ണട ലേലത്തിൽ വെച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് കണ്ണട വിറ്റത്.

മഹാത്മാ ഗാന്ധിയുടെ സ്വന്തം കണ്ണട എന്ന പേരിലായിരുന്നു ലേലം. സ്വർണ്ണ നിറത്തിലുള്ള ഫ്രയിമുള്ള വട്ടക്കണ്ണട 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. 

സ്ഥാപനത്തിന്റെ ലെറ്റർ ബോക്സിൽ രണ്ടാഴ്ച മുൻപാണ് ഈ കണ്ണട എത്തിയത്. ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് പെട്രോളിയം കോർപ്പറേഷനിൽ ജീവനക്കാരനായിരുന്ന വ്യക്തിയുടെ ചെറുമകനായിരുന്നു ഇത് അയച്ചത്. ഇത് പ്രത്യുപകാരമായോ സമ്മാനമായോ ആണ് ഗാന്ധിജി വ്യക്തിക്ക് നൽകിയത്. 10000 മുതൽ 15000 പൗണ്ട് വരെ ലേലത്തിൽ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലേലത്തിന് വച്ചപ്പോൾ തുക പടിപടിയായി ഉയർന്നു.

കണ്ണട 1910 നും 1920 നും ഇടയിൽ നിർമ്മിച്ചതും ഉപയോഗിച്ചതുമാണെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ ഉടമസ്ഥന്റെ മുത്തശൻ 1910 നും 1930 നും ഇടയിലാണ് ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തത്. കണ്ണടയ്ക്ക് വലിയൊരു ചരിത്രം തന്നെ പറയാനുണ്ടാകുമെന്നാണ് ലേലക്കമ്പനി പറഞ്ഞത്.

Related Articles

Latest Articles