ദില്ലി : രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില് ലോക്ക്ഡൗണ് രണ്ടാഴ്ച കൂടി നീട്ടുമ്പോള് ഇന്ത്യയെ മൂന്ന് സോണുകളാക്കി തിരിക്കും. കോവിഡ് ബാധയുടെ തോതനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന് എന്നിങ്ങനെ മൂന്ന് സോണുകളാക്കിയാവും രാജ്യത്തെ വിഭജിക്കുക. കോവിഡ് രോഗബാധ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് റെഡ് സോണ്. റെഡ് സോണ് മേഖലയില് യാതൊരു തരത്തിലുള്ള പ്രവര്ത്തനങ്ങളും അനുവദിക്കില്ല.കോവിഡ് താരതമ്യേന കുറവുള്ള മേഖലകളെയാണ് ഓറഞ്ച് സോണില് ഉള്പ്പെടുത്തുക. ഈ മേഖലകളില് അത്യാവശ്യം പ്രവര്ത്തനങ്ങള് അനുവദിക്കും.
കൃഷി വിളവെടുപ്പ്, നിയന്ത്രിതമായ തോതില് പൊതുഗതാഗത സംവിധാനങ്ങള് എന്നിവ അനുവദിക്കും.കൊറോണ റിപ്പോര്ട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങള് ഗ്രീന് സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് ഇവിടെ അനുവദിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്ഫറന്സിലാണ് ലോക്ഡൗണ് നീട്ടാന് ധാരണയായത്. രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ് നീട്ടാനാണ് തീരുമാനമായത്. എന്നാല്, ഇതിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇതുവരെ പുറത്ത് വന്നിട്ടില്ല.

