Friday, October 9, 2026

രോഗമുക്തിയില്‍ കാസര്‍കോട് നമ്പര്‍ വണ്‍; അഭിനന്ദനവുമായി കേന്ദ്ര സര്‍ക്കാര്‍

കാസര്‍കോട്: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം. ഇതുവരെ 115 പേരാണ് ജില്ലയില്‍ രോഗവിമുക്തരായത്.

അതായത്, ആകെ രോഗികളില്‍ 68.45 ശതമാനം പേരും സുഖം പ്രാപിച്ചു. ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിനെങ്ങും കാസര്‍കോട്ടെ മാതൃക അനുകരണീയമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതേക്കുറിച്ച് പറഞ്ഞത്.

കോവിഡിനെ നിയന്ത്രണത്തിലാക്കിയ ഈ മാതൃകയാണ് രാജ്യത്തോട് അനുകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആകെയുള്ള ജനസംഖ്യയില്‍ 15.3% പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ ക്വാറന്റൈന്‍ ചെയ്തതടക്കം കാസര്‍കോടിന്റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞു.

ജില്ലയില്‍ 17,373 പേരെയാണ് ഹോം ക്വാറന്റൈനിലാക്കി പരിശോധിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ വീടുകളിലും പോയി രോഗവിവരം തിരക്കിയാണ് ഇത് സാധ്യമാക്കിയത്.

രണ്ടുപേര്‍ ഡിസ്ചാര്‍ജായ ശനിയാഴ്ച ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ് -19 രോഗം സ്ഥീരീകരിച്ചിട്ടില്ല. ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങി. ഇവരില്‍ 49 പേര്‍ ജില്ലയിലും നാലു പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്.

Related Articles

Latest Articles