Friday, October 16, 2026

വിദ്യാസാഗറിന്റെ 10 എവർഗ്രീൻ ക്ലാസിക് മെലഡികൾ കേൾക്കാം

20 വർഷങ്ങൾ, 225-ൽ പരം ചിത്രങ്ങൾ.. മലയാളത്തിൽ അഴകിയ രാവണൻ മുതൽ ഇങ്ങോട്ടു എണ്ണിയാലൊടുങ്ങാത്തത്ര ഹൃദ്യമായ മെലടികൾ….അതിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകൾ. സൂപ്പർ ഹിറ്റുകൾ എന്നു പറയുന്നതിലും എല്ലാം ഉപരിയായി, കാലത്തിനെ അതിജീവിച്ചു ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ നിത്യഹരിതഗാനങ്ങൾ ..ജന്മം കൊണ്ട് ഒരു ആന്ധ്രാക്കാരനായിട്ടും തമിഴ് -തെലുങ്ക് സിനിമാ മേഖലയിൽ സജീവമായിരുന്നിട്ടും കർമ്മം കൊണ്ട് മലയാള സംഗീതരംഗത്തെ മെലഡികളുടെ വിസ്മയം കൊണ്ട് അനുഗ്രതീതമാകാനായിരുന്നു വിദ്യാസാഗർ എന്ന സംഗീതജ്ഞന്റെ നിയോഗം .

ഏതു തരം സന്ദർഭങ്ങൾക്കും അനുയോജ്യമായ ഗാനങ്ങൾ, അതും മെലഡിയുടെ മനോഹാരിത ഒട്ടും തന്നെ ചോർന്നുപോകാതെ പകർന്നു നൽകാൻ കഴിവുള്ള ചുരുക്കം ചില അനുഗൃഹീത സംഗീത സംവിധായകരിൽ ഒരാൾ കൂടിയാണദ്ദേഹം പിൽക്കാലത്തു മെലഡി കിംഗ് എന്ന വിശേഷണവും ഇദ്ദേഹത്തിനു ലഭിച്ചതിൽ ഒട്ടും തന്നെ അത്ഭുതപ്പെടാൻ ഇല്ല. കഴിഞ്ഞ 20 വർഷങ്ങളിൽ മേലടികൾ കൊണ്ടുള്ള ഒരു വൻ സാഗരം തന്നെ വിദ്യാസാഗർ മലയാളികൾക്ക് സമ്മാനിച്ചു. വിദ്യാസാഗറിന്റെ 10 മികച്ച മെലഡികൾ ഇതാ ….

1 .മലരെ …മൗനമാ …

വിദ്യാസാഗര്‍ എന്ന ചെറുപ്പക്കാരന്‍ സംഗീതലോകത്ത് പിച്ച വച്ച് തുടങ്ങിയ സമയം .തെലുങ്കില്‍ കുറച്ചധികം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചെങ്കിലും തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് അതുവരെയും ചിട്ടപ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു അദ്ദേഹം.അങ്ങനെയിരിക്കെയാണ് അക്കാലത്തെ തമിഴിലെ ഒരു സൂപ്പര്‍ഹിറ്റ് സംവിധായകന്‍,തന്റെ പുതിയ സിനിമക്ക് സംഗീതം നല്‍കാന്‍ വിദ്യാസാഗറിനെ വിളിക്കുന്നത്.ആ സിനിമയില്‍ നായകനായി അഭിനയിക്കുന്ന നടന്‍ അര്‍ജ്ജുന്റെ നിര്‍ബന്ധപ്രകാരമായിരുന്നു അത്.നിറഞ്ഞ മനസ്സോടെ തന്നെ വിദ്യാസാഗര്‍ ആ ഓഫര്‍ സ്വീകരിച്ചു. പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കാന്‍ എസ്.പി.ബാലസുബ്രഹ്മണ്യമടക്കമുള്ള അതികായരെ തന്നെയാണ് വിദ്യാസാഗര്‍ ക്ഷണിച്ചത്. സിനിമയ്ക്ക് തിരക്കിട്ട റിലീസ് നടത്തണം എന്നതിനാല്‍ രാത്രി 8 മണിക്ക് ശേഷം പാട്ടുപാടാത്ത എസ് പി യെ കൊണ്ട് വിദ്യാസാഗർ പഠിച്ച പാട്ടാണ് മലരേ മൗനമാ ..എന്ന മെലഡി ….ഈ പാട്ടിന്റെ ട്യൂൺ ഇഷ്ടപെട്ടതുകൊണ്ടു മാത്രമാണ് എസ് പി രാത്രി വൈകി ഈ പാട്ടുപാടാൻ തയ്യാറായത് .എസ് പി -ജാനകി കൂട്ടുകെട്ടിലെ ഹിറ്റ് ഡ്യൂയറ്റായി മാറിയ ഈ ഗാനതിന്റെ സംഗീതം ഇളയരാജയനെന്നാണ് ഇന്നും പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് .

2 .പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ

വിദ്യാസാഗർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് കമൽസംവിധാനം ചെയ്ത അഴകിയ രാവണൻ .1996-ൽ റിലീസായ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായി മാറി .പല മനസുകളുടെ മഴച്ചിന്തകളായി ഒരൊറ്റ പാട്ടിൽ പരമാവധി ചേർത്തു നിർത്തിയ പ്രണയ മണിത്തൂവൽ പൊഴിയും എന്ന ഇതിലെ ഗാനം ഒരു കുളിർമഴ പോലെ തന്നെ ശ്രോതാക്കളുടെ മനസിലേക്ക്‌പെയ്തിറങ്ങി . ഇലത്തുമ്പിൽ തട്ടി തട്ടി മണ്ണിലേക്കു തുള്ളിച്ചാടി വീഴുന്ന മഴത്തുള്ളിയെ പോലെയാണ് വിദ്യാസാഗർ എന്ന മെലഡി കിങ് ഈ ഗാനത്തിന് നൽകിയ ഈണം . കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾ പാടിയത് സുജാതയും. പാദസരത്തിന്റെ കിലുക്കമാണ് ഈ ഗായികയുടെ സ്വരത്തിനെന്ന് പല കാലങ്ങളിൽ പലരും എഴുതിയത് ഈ പാട്ടു കൊണ്ടു കൂടിയാണ്…

3 .തങ്കത്തിങ്കൽ കിളിയായ്‌

ഒരൊറ്റവരിയിലെ സംഗീതത്തിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന സംഗീതസംവിധായകനാണ് വിദ്യാസാഗർ .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1997-ൽ പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതത്തിൽ എംജി ശ്രീകുമാറും കെ കെഎസ് ചിത്രയും ചേർന്നാലപിച്ച തങ്കത്തിങ്കൽ എന്ന് തുടങ്ങുന്ന ഗാനം …ഇതിന്റെ അനുപല്ലവിയിൽ ..ഒരു കോടി സൂര്യ മണി തേടി …എന്ന് തുടങ്ങുന്ന ഒറ്റ വരിയുടെ സംഗീതം മതി വിദ്യാസാഗർ എന്ന മെലഡിയുടെ സുഖസ്പർശമറിയാൻ ….

4 .പിന്നെയും പിന്നെയും ആരോ ….

കമലിന്റെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തു എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ പ്രണയാതുരമായ വരികൾ ..അതിന് മെലഡിയുടെ മന്ത്രികസ്പർശം തീർത്ത വിദ്യാസാഗർ …യേശുദാസിന്റെഅനുപമമായ ആലാപനം …അതെ മലയാളികളെ പിന്നെയും പിന്നെയും മാടിവിളിക്കുകയാണ് ഈ സുന്ദര ഗാനം ….

5 .വരമഞ്ഞളാടിയ ….

ഒരു നല്ല കവിതാ ശകലം ഒരു നല്ല സംഗീതജ്ഞന്റെ കൈയ്യിൽ കിട്ടിയാൽ അതിനു എങ്ങനെയാവും ചൈത്യം പകരുക എന്നതിനുദാഹരണമാണ് ഈ ഗാനം .പ്രണയവർണ്ണങ്ങൾ എന്ന സിബിമലയിൽ ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗർ ഒരുക്കിയ മറ്റൊരു മെലഡി …

6 .വെണ്ണിലാക്കൊമ്പിലെ രാപ്പാടി …

ആരും ഒന്ന് മനസ്സിൽ മൂളിനടക്കുകയും അറിയാതെ താളം പിടിക്കുകയും ചെയ്തുപോകുന്നതാണ് വിദ്യാസാഗർ ഈണങ്ങളുടെ സവിശേഷത. ഇമ്പമാർന്ന ഈണങ്ങൾ പോലെ തന്നെ മികച്ചു നിൽക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ പാട്ടുകളിലെ ഓർക്കസ്ട്രേഷനും.ഉസ്താദ് എന്ന ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഒരുക്കിയ മറ്റൊരു മെലഡി …

7 .മിഴിയറിയാതെ വന്നു നീ

1999-ൽ ക്യാമ്പസുകളെ ഉത്സവത്തിലാറാടിച്ച ചിത്രമാണ് കമൽ ഒരുക്കിയ നിറം .ചിത്രത്തിലെ ഗാനങ്ങൾ തന്നെയായിരുന്നു അതിന്റെ ഹൈലൈറ് .വിദ്യാസാഗർ എന്ന മ്യൂസിക് ഡയറക്റ്ററുടെ കൈയൊപ്പ് പതിഞ്ഞ ഓരോ ഗാനങ്ങളും ഇന്നും സൂപ്പർ ഹിറ്റാണ് …

8 .പറനിറയെ പൊന്നളക്കും …

സിനിമാഗാനങ്ങൾ പോലെ തന്നെ വിദ്യാസാഗർ ഹിറ്റാക്കി മാറ്റിയ ഒരാൽബമാണ് തിരുവോണ കൈനീട്ടം എന്ന ഓണപ്പാട്ടുകളുടെ സമാഹാരം .തനത്‌ കേരളീയമായ സംഗീതത്തിലൂടെ മലയാളക്കരയെ ഒന്നടങ്കം ഓണാന്തരീക്ഷത്തിലേക്കു കൂട്ടികൊണ്ടു പോകാൻ ഈ ആൽബത്തിലെ ഓരോ ഗാനത്തിനുമായി .ഇന്നും ഓണം പിറക്കുമ്പോൾ പരസ്യചിത്രങ്ങൾക്കും ചാനൽ പ്രോഗ്രാമുകൾക്കുമെല്ലാം പശ്ചാത്തലമായി മാറുന്നത് ഈ വിദ്യാസാഗർ സംഗീതം തന്നെയാണ്..

9 .ഇളമാൻ കണ്ണിലൂടെ …

മെലഡിയുടെ തലതൊട്ടപ്പന്മാരായ വിദ്യാസാഗറും ഹരിഹരനും ചേർന്ന് സത്യം ശിവം സുന്ദരം എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ പ്രണയാതുരമായ ഒരു ഗാനം .

10 .ഒരു രാത്രി കൂടി വിടവാങ്ങവേ…

സമ്മർ ഇൻ ബത്‌ലേഹം എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗർ ടീമിന്റെ ഒരു ഹിറ്റ്‌ ഗാനം .ശെരിക്കും വിദ്യാസാഗർ എന്ന മെലഡിയുടെ രാജകുമാരനെ തൊട്ടറിയാൻ ഈ ഒരു ഗാനം മാത്രം മതി .പലരുടെയും ഹെഡ്‍ഫോണുകളിൽ ഇന്നും ഉറക്കുപാട്ടായി അലയടിക്കുന്ന ഒരു ഗാനം കൂടിയാണിത് …

Related Articles

Latest Articles