Saturday, October 10, 2026

വീണ്ടും ന്യൂനമര്‍ദം ശക്തമാകുന്നു. വരും ദിവസങ്ങളിലും അതിതീവ്ര മഴക്ക് സാധ്യത.

തിരുവനന്തപുരം: ആശങ്കയേറ്റി ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപമെടുത്തേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നൽകി. നാളെ മഴ കൂടുതല്‍ ശക്തമായേക്കും. ഇത് മുന്‍നിറുത്തി മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. സംഭരണികളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പൊന്‍മുടി, ഇരട്ടയാര്‍, കല്ലാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്തിലും കോഴിക്കോട്ടെ കുറ്റിയാടി എന്നീ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവയില്‍ നിന്ന് സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിട്ടുതുടങ്ങി. പത്തനംതിട്ടയിലെ പമ്പ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭവും ശക്തമായ കാറ്റും ഉള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് ‌വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷം. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതോടെ വടയാര്‍ പൊട്ടന്‍ചിറയില്‍ റോഡ് മുങ്ങി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെളളപ്പൊക്കം രൂക്ഷമാകുന്നു. മീനച്ചിലാറില്‍ കിഴക്കന്‍ വെളളത്തിന്റെ വരവ് ശക്തമായതോടെ കുമരകം, തിരുവാര്‍പ്പ് മേഖലകളില്‍ വെളളം കയറി. കോട്ടയം – ചേര്‍ത്തല റോഡില്‍ കുമരകത്ത് വെളളം കയറിയിട്ടുണ്ട്.

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും.

Related Articles

Latest Articles