Friday, May 17, 2024
spot_img

സംഗീതത്തിന്റെ ദേവാങ്കണം പറന്നകന്നിട്ട് ഇന്നേക്ക് 9 വർഷം

ഇന്ന് ജോൺസൺ മാഷിന്റെ ഓർമ്മ ദിനം. മലയാള ചലച്ചിത്ര ഗാനരംഗത്ത് തന്റേതായ ഒരു ടച്ച് പതിപ്പിച്ച സംഗീതജ്ഞൻ ആണ് ജോൺസൺ മാഷ്.മലയാളത്തിന്റെ പാട്ടോര്‍മ്മകളില്‍ ജോണ്‍സണ്‍ മാഷ് ആര്‍ദ്രരാഗങ്ങളുടെ തമ്പുരാനാണ്. അദ്ദേഹം ഈണം നല്കിയ പാട്ടുകളില്ലാതെ ഇഷ്ടപ്പെട്ട പത്തു ഗാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു മലയാളിക്കുമാവില്ല. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കും ദേവരാജന്‍ മാസ്റ്റര്‍ക്കും പിന്നാലെ മലയാളത്തിന്റെ മണമുള്ള,മണ്ണിന്റെ മണമുള്ള ഈണങ്ങള്‍ സമ്മാനിച്ച് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1953- മാർച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ ആൻറണി- മേരി ദമ്പതികളുടെ മകനായി ജനിച്ച മാഷ് തൃശ്ശൂർ സെന്റ് -തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ച മാഷ് 1968-ൽ വോയ്സ് ഓഫ് ട്രിച്ചൂർ എന്ന പേരിൽ ഗാനമേളട്രൂപ്പ് ആരംഭിച്ചു. ഗായകൻ ജയചന്ദ്രൻ ദേവരാജൻ മാസ്റ്റർക്ക് ജോൺസൻ മാഷിനെ പരിചയപ്പെടുത്തുകയും, അങ്ങനെ സിനിമാ സംഗീത രംഗത്ത് എത്തിച്ചേരുകയും ചെയ്തു.

1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തി.1981-ൽ ആൻറണി ഈസ്റ്റ് മാന്റെ ഇണയെത്തേടി എന്ന ചിത്രത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി. തുടർന്ന് ഭരതന്റെ പാർവ്വതി എന്ന ചിത്രത്തിന് സംഗീതം നൽകി. പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രികതയുടെ സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു.

നാടന്‍മണമുള്ള ശീലുകള്‍ പകരാന്‍ ജോണ്‍സണ്‍ മാഷോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് അടിവരയിട്ട എത്രയോ ഗാനങ്ങള്‍. സത്യൻ അന്തിക്കാട് – കൈതപ്രം-ജോൺസൺ മാഷ് കൂട്ടുകെട്ടിലൂടെ ഒത്തിരി നല്ല ഗാനങ്ങൾ ലഭിച്ചിട്ടുണ്ട്. ജി.വേണുഗോപാൽ എന്ന ഗായകനെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് ജോൺസൺ മാഷായിരുന്നു.പത്മരാജന്റെ കൂടെവിടെ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ്, അപരൻ, ഞാൻ ഗന്ധർവ്വൻ ,സിബി മലയിലിന്റെ കിരീടം, ചെങ്കോൽ, എന്നിവയിലെ ഗാനങ്ങൾ വളരെ ഹിറ്റായിട്ടുണ്ട്.

1994-ൽ പൊന്തൻമാട എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിനും 1995-ൽ സുകൃതം എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുണ്ട്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും, തൂവാനത്തുമ്പികളും, മണിച്ചിത്രത്താഴും വിജയിച്ചതിനു പിന്നിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതത്തിന് ഗണ്യമായ പങ്കുണ്ട്.

പശ്ചാത്തലസംഗീതത്തെ പാട്ടുകളേക്കാള്‍ മികച്ചതാക്കി മാറ്റിയ അതുല്യപ്രതിഭയും അദ്ദേഹത്തിനു മാത്രം സ്വന്തം. മണിച്ചിത്രത്താഴ് തന്നെ ഏറ്റവും വലിയ ഉദാഹരണം.

സ്വരമണ്ഡല്‍,വീണ,മൃദംഗം,വയലിന്‍ എന്നിവ മാത്രമുപയോഗിച്ച് മാസ്മരികസംഗീതം പകര്‍ന്നു തരാന്‍ അദ്ദേഹത്തിനായി.

പാശ്ചാത്യ സംഗീതത്തില്‍ അപാരമായ അവഗാഹമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും മണ്ണിന്റെ മണമുള്ള പാട്ടുകളില്‍ ആംഗലേയച്ചുവ കടന്നുവന്നില്ല. ട്രെന്റ് സംഗീതം ചെയ്യാന്‍ തനിക്കാവുകയില്ല എന്നല്ല തനിക്ക് സൗകര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധീരമായ നിലപാട്. ട്രെന്റുകള്‍ക്ക് പുറകേ പോവാതെ ഫോക്ക് സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേര്‍ത്ത് തന്റേതായ ശൈലി കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.

കര്‍ണാടകസംഗീതത്തിലോ ഹിന്ദുസ്ഥാനിയിലോ നീണ്ട വര്‍ഷങ്ങളുടെ പഠനമികവൊന്നും ജോണ്‍സണ്‍ മാഷിനുണ്ടായിരുന്നില്ല. എന്നിട്ടും സംവിധായകനും തിരക്കഥാകൃത്തും ആഗ്രഹിച്ചതിനുമെത്രയോ അപ്പുറം ഇത്തരം സങ്കേതങ്ങളെ പാട്ടിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോണ്‍സണ്‍ മാഷ് ഈണമിട്ട ഗാനങ്ങള്‍ ഓരോ മലയാളിക്കും സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകളുടെ പ്രപഞ്ചം കൂടിയാണ്.

സംഗീതത്തിന്റെ ദേവാങ്കണം വിട്ട് ആ താരകം 2011 ഓഗസ്ത് 18ന് പറന്നകന്നു. ആ വിയോഗം മലയാളികള്‍ അറിഞ്ഞത് വലിയ ഞെട്ടലോടെയായിരുന്നു

Related Articles

Latest Articles