Friday, October 9, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗ ഉറവിടം അറിയാതെ ആരോഗ്യ പ്രവർത്തകർ

തൃശൂര്‍ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

ശ്വാസംമുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുമാരനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തന്നെ സ്രവം പരിശോധനക്ക് അയച്ചു. ഫലം വന്നതോടെ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ന്യുമോണിയ ബാധിതനായ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടനെ മരണം സംഭവിച്ചു.

ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. മുന്‍പ് യാത്രകള്‍ നടത്തുകയോ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.

ആദ്യം ചികിത്സ തേടിയെത്തിയ ചേറ്റുവയിലെ ആശുപത്രിയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെക്കുറിച്ച് ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കുന്നുണ്ട്. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു.

Related Articles

Latest Articles