തിരുവനന്തപുരം: വീഡിയോ മീറ്റ് ആപ്ലിക്കേഷന്‍ സൂം മെച്ചപ്പെട്ട സുരക്ഷയും സ്വകാര്യതയും ഉള്‍ക്കൊള്ളുന്ന സൂം 5.0 അപ്ഡേറ്റ് പുറത്തിറക്കി. സുരക്ഷയുടേയും സ്വകാര്യതയുടേയും അപര്യാപ്തതമൂലം വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്ന വീഡിയോ മീറ്റ് ആപ്ലിക്കേഷനാണ് സൂം. കടുത്ത വിമർശനത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനാണ് സൂം അതിന്റെ ഏറ്റവും വലിയ അപ്‌ഡേറ്റ് പുറത്തിറക്കിയത്.
പുതിയ സൂം ആപ്പ് അപ്‌ഡേറ്റില്‍ മെച്ചപ്പെട്ട എഇഎസ് 256-ബിറ്റ് ജിസിഎം എന്‍ക്രിപ്ഷന്‍, ഡാറ്റ റൂട്ടിങ് കണ്‍ട്രോള്‍, മെച്ചപ്പെട്ട ഹോസ്റ്റ് നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. എഇഎസ് 256-ബിറ്റ് ജിസിഎം എന്‍ക്രിപ്ഷന്‍ മെയ് 30 നാണ് പ്രാബല്യത്തില്‍ വരുത്തുക. സൂം മീറ്റിങുകളിലും സൂം റൂമുകളിലും ഇനി സൂം 5.0 പതിപ്പോ അതിന് ശേഷമോ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. മീറ്റിങ് ഹോസ്റ്റിനും, കോ-ഹോസ്റ്റുകള്‍ക്കും സൂം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ സൂമിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി ടീം വിലയിരുത്തും. ചാറ്റ് സുരക്ഷിതമാണെന്ന് കാണിക്കുന്ന ഗ്രീന്‍ ഷീല്‍ഡ് സൂം മീറ്റിങ് വിന്‍ഡോയ്ക്ക് ഇടത് ഭാഗത്ത് മുകളിലായി അറിയിപ്പുണ്ടാവും.
നിങ്ങളുടെ സൂം വിൻഡോയുടെ മുകളിൽ ഇടതുവശത്തുള്ള ഇൻഫോ ഐക്കണിൽ ഉപയോക്താവ് ഏത് ഡാറ്റ സെന്ററുമായാണ് ബന്ധപ്പെട്ടിട്ടുള്ളതെന്ന് കാണാം. മീറ്റിങിന്റെ തുടക്കം മുതൽ അവസാനം വരെ മീറ്റിങ് സംഘടിപ്പിക്കുന്ന ഹോസ്റ്റിന് പൂർണമായും തീരുമാനങ്ങളെടുക്കാനാവുന്ന അപ്ഡേറ്റുകളാണ് സൂം അവതരിപ്പിച്ചിരിക്കുന്നത്.

