Thursday, May 23, 2024
spot_img

സ്വർണക്കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും ; മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കും; കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എന്‍.ഐ.എ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രാവിലെ പത്തരയോടെ കൊച്ചിയിയിലെ എൻ ഐ എ ഓഫിസിൽ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ശിവശങ്കര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. മൊഴികളിലെ വെെരുദ്ധ്യം പരിശോധിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമതും എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്. എന്നാൽ, ഇത്തവണ കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങൾ ഉണ്ടാവുകയാണ്.

പ്രതികളുമായി വ്യക്തിബന്ധമുണ്ടെന്നു സമ്മതിച്ച ശിവശങ്കര്‍ ഇവര്‍ നടത്തുന്ന സ്വര്‍ണക്കടത്ത് അറിഞ്ഞിരുന്നോ,​ നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടോ, പ്രതിഫലം ലഭിച്ചിട്ടുണ്ടോ എന്നിവയായിരിക്കും പ്രധാനമായും ചോദിക്കുക. പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ്, സരിത്ത് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സൈബര്‍ വിവരങ്ങളും ഉന്നയിച്ചാകും ചോദ്യംചെയ്യല്‍. കസ്റ്റംസിന് ലഭിച്ച വിവരങ്ങളും ഉപയോഗിക്കും.

അതേസമയം,സ്വര്‍ണക്കടത്തില്‍ പങ്കാളിത്തം തെളിയിക്കപ്പെടുകയോ,​ കുറ്റസമ്മതം നടത്തുകയോ ചെയ്താല്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും വൻ കുരുക്കിലാകും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മർദ്ദം അതിശക്തമാകും.

.

Related Articles

Latest Articles