Monday, May 6, 2024
spot_img

കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ; ഒളിത്താവളങ്ങളും തകർത്തു; ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം!

ശ്രീനഗര്‍: കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനയിലുള്ളവരാണ് പിടിയിലായത്. ഇവരുടെ ഒളിത്താവളങ്ങളും സൈന്യം തകർത്തു.

ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഖൈസര്‍ അഹമ്മദ് ദാര്‍, താഹിര്‍ അഹമ്മദ് ദാര്‍, അഖിബ് റഷീദ് ഗാനി എന്നീ ഭീകരരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെടുത്തു. സുരക്ഷാ സേനയും ജമ്മുകശ്മിർ പോലീസും ചേർന്ന് ബരാമുള്ളയിൽ നടത്തിയ തിരച്ചിലിലും മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ചുരുണ്ട സ്വദേശികളായ ഷൗക്കത്ത് അലി അവാന്‍, അഹമ്മദ് ദിന്‍, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് ഗ്രനേഡുകള്‍, ഒരു ചൈനീസ് പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ പിടിച്ചെടുത്തു. ശ്രീന​ഗറിൽ നിന്നും രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് പിടികൂടിയത്. പുൽവാമ സ്വദേശികളായ അർഷാദ് മുഷ്താഖ്, സുഹൈൽ മജീദ് മിർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോക്കര്‍മാഗില്‍ ഭീകരരെ പിടികൂടാനുള്ള തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണവും ഉണ്ടായി. ഖാന്‍സാഹിബ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാഗര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഇതിൽ മൂന്ന് സൈനികർക്കും രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. തുടർന്നിവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഭീകരരിൽ നിന്നും എകെ 47 തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles