Thursday, May 2, 2024
spot_img

ഇനി പുതിയ രൂപത്തിലും ഭാവത്തിലും എയർ ഇന്ത്യ! പുത്തൻ ലോഗോ പുറത്തിറക്കി, വീഡിയോ കാണാം

ദില്ലി: ടാറ്റാ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. എയർ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് പേരിട്ട പുതിയ ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഡിസംബറോടെ പുതിയ ലോഗോ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും. എയര്‍ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളില്‍ ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയര്‍ബസ് എ350 പുതിയ ലോഗോയോട് കൂടി പുത്തന്‍ ലുക്കില്‍ പുറത്തിറക്കാനാണ് തീരുമാനം. സ്വർണ്ണ വിന്‍ഡോ ഫ്രെയിമിന്റെ ഔന്നത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോയ്ക്ക് രൂപം നല്‍കിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.

പരിമിതികളില്ലാത്ത സാധ്യതകളെയും പുരോഗമന സ്വഭാവത്തെയും പുതിയ വീക്ഷണത്തെയും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ. വിവിധ നിറങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലിവറിയും ഇതോടൊപ്പം എയര്‍ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രമുഖ വിമാന നിര്‍മ്മാണ കമ്പനികളായ എയര്‍ബസുമായും ബോയിങ്ങുമായാണ് എയര്‍ഇന്ത്യ കരാറിലേര്‍പ്പെട്ടത്. 7000 കോടി ഡോളറിന്റേതാണ് ഇടപാട്. നവംബറിലാണ് കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ ഡെലിവറി ചെയ്ത് തുടങ്ങുക.

Related Articles

Latest Articles