Saturday, September 19, 2026

ഉജ്ജയിനിയിൽ പന്ത്രണ്ടുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം:പ്രധാന പ്രതി പിടിയിൽ! തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തി പോലീസ്

ഉജ്ജയിനി: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നു പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭരത് സോണി എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് ഇയാളെ എത്തിച്ച് തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടന്ന് പിടികൂടി. ഓട്ടത്തിനിടെ റോഡില്‍ വീണതിനെ തുടര്‍ന്ന് ഇയാളുടെ കൈയ്യിലും കാലിലും സാരമില്ലാത്ത രീതിയിൽ പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉജ്ജയിനിയില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി അർദ്ധ നഗ്നാവസ്ഥയിൽ ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും നാട്ടുകാര്‍ ആട്ടിപ്പായിച്ചത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്‌നഗര്‍ റോഡിലെ സിസിടിവിയില്‍നിന്നാണ് ദൃശ്യം ലഭിച്ചത്.

അതെ സമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരികയാണ്. കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് അറിയിച്ചത്. പെണ്‍കുട്ടിയുടെ പേരും വിലാസവും കണ്ടെത്താനായിട്ടില്ലെന്നും അവളുടെ സംസാരത്തില്‍നിന്ന് ഉജ്ജയിനില്‍നിന്ന് 850 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണെന്നാണു മനസ്സിലായതെന്നുമാണ് പോലീസ് ഇന്നലെ പറഞ്ഞിരുന്നു . എന്നാല്‍ എഫ്‌ഐആറില്‍ കുട്ടിയുടെയും പിതാവിന്റെയും പേര് ചേര്‍ത്തിട്ടുണ്ട്.

Previous article
Next article

Related Articles

Latest Articles