Thursday, October 1, 2026

ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് കോടികൾ ! എടുക്കും തോറും പണം വന്നുകൊണ്ടേയിരുന്നു; അറിയാതെ അക്കൗണ്ടിലേക്ക് വന്ന 2.44 കോടി രൂപ അടിച്ചുപൊളിച്ച യുവാക്കൾ പോലീസ് പിടിയിൽ

തൃശ്ശൂർ: ബാങ്ക് അക്കൗണ്ടിലേക്ക് എവിടെ നിന്നറിയാതെ വന്നുകൊണ്ടിരുന്ന കോടികൾ കണ്ട് തൃശൂർ സ്വദേശിയായ യുവാവ് ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പിന്നീട് തുക പിൻവലിച്ച് സുഹൃത്തിനൊപ്പം ആവശ്യത്തിന് ചെലവഴിച്ചു. ആഡംബര ജീവിതം നയിച്ചും, ഫോൺ അടക്കമുള്ള സാധനങ്ങൾ വാങ്ങിയും, ഓഹരി വിപണിയിൽ നിക്ഷേപിച്ചും കടങ്ങൾ വീട്ടിയും 2.44 കോടി രൂപ പൊട്ടിച്ചു. ഒടുവിൽ പിടിവീണപ്പോൾ ബാങ്കിന്റെ പരാതിയെ തുടർന്ന് ഇരുവരും അറസ്റ്റിലായി. സൈബർ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് നഗരത്തിലെ പുതുതലമുറ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയത്. കോടികള്‍ അക്കൗണ്ടിലായതോടെ ഇവര്‍ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

അറസ്റ്റിലായയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയനനീക്കം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അബദ്ധത്തില്‍ കോടികള്‍ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് കരുതുന്നു. ലയനസമയത്തെ സാഹചര്യം ഇവര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരേ മറ്റ് കേസുകള്‍ നിലവിലില്ലെന്ന് പോലീസ് പറയുന്നു. അനര്‍ഹമായ തുക ചെലവാക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇവര്‍ ചെലവാക്കിയതില്‍ ഭൂരിഭാഗം തുകയും തിരിച്ചുപിടിക്കാനായി എന്നറിയുന്നു. എന്നാല്‍, ഏതാനും ലക്ഷങ്ങള്‍ കിട്ടാനുണ്ട്. ഇങ്ങനെ കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles