Wednesday, May 29, 2024
spot_img

അയൽവാസികളായ കുട്ടികളെ കാണാതായ സംഭവത്തിൽ രാത്രി മുഴുവനും ആശങ്കയിലായി കുടുംബവും നാട്ടുകാരും; ആശങ്കയ്ക് വിരാമമിട്ട് രാവിലെ തിരിച്ചെത്തി കുട്ടികൾ

വണ്ണപ്പുറം: അയൽവാസികളും സുഹൃത്തുക്കളുമായ 2 ആണ്‍കുട്ടികളെ കാണാതായതു മണിക്കൂറുകളോളം നാടിനെ ആശങ്കയിലാക്കി. തിങ്കളാഴ്ച രാത്രി 9 മുതലാണു ടൗണിനു സമീപത്തുള്ള വീടുകളില്‍ നിന്നു കുട്ടികളെ കാണാതായത്. അയല്‍വാസിയുടെ പറമ്പിലെ റംബുട്ടാന്‍ മരത്തില്‍ നിന്നു പഴം കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങുന്നതു കണ്ട് തൊട്ടടുത്തുള്ള പുല്‍ക്കൂട്ടത്തില്‍ ഒളിക്കുകയായിരുന്നു ഇരുവരും.

എന്നാല്‍ പിന്നീട് ഇവരെ കാണാതായതോടെ വീട്ടിലും നാട്ടിലും ആശങ്കയായി. കുട്ടികളെ കാണാതായതിനെത്തുടര്‍ന്നു വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയത് അറിഞ്ഞ കുട്ടികള്‍ പേടിച്ച്‌ തൊട്ടടുത്തുള്ള വീടിന്റ ടെറസില്‍ കയറി ഒളിക്കുകയായിരുന്നു. പിന്നീട് ഇവര്‍ അവിടെയിരുന്ന് ഉറങ്ങിപോവുകയും ചെയ്തു. കുട്ടികളെ കാണാത്തതിനെത്തുടര്‍ന്നു പൊലീസിനൊപ്പം വീട്ടുകാരും സമീപവാസികളും ചേര്‍ന്നു പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.കാളിയാര്‍ എസ്‌എച്ച്‌ഒ എച്ച്‌.എല്‍.ഹണിയും എസ്‌ഐ കെ.ജെ. ജോബിയും അന്വേഷണത്തിനു നേതൃത്വം നല്‍കി. ഇതിനിടെ കുട്ടികളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ അറിയിപ്പും നല്‍കിയിരുന്നു. ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന കുട്ടികള്‍ വീട്ടില്‍ തിരികെ എത്തിയതോടെയാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ആശങ്കയ്ക്ക് വിരാമമായത്

Related Articles

Latest Articles